വി.ഡി. സതീശൻ സർക്കാർ ഭരണം മാഫിയ സ്‌പോൺസേർഡ് ഭരണo : പി.കെ. കൃഷ്ണദാസ്

ചീമേനി: സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്ര മുതൽ എല്ലാ മേഖലകളിലും സ്‌പോൺസർഷിപ്പാണെന്ന്
അവകാശപ്പെടുന്ന വി.ഡി. സതീശൻ സർക്കാർ തന്നെ മാഫിയകൾ സ്‌പോൺസർ ചെയ്യുന്ന ഭരണമായി മാറിയിട്ടുണ്ടോയെന്ന് സംശയിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ചീമേനിയിൽ സംഘടിപ്പിച്ച ബിജെപി ജില്ലാ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷണ മഹാ അഭിയാൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നടന്ന ഹെലികോപ്റ്റർ ഇടപാടിൽ സംശയനിഴലിലായ കമ്പനിയെ തന്നെ വീണ്ടും കരാർ ഏൽപ്പിക്കാനുള്ള സതീശൻ സർക്കാരിന്റെ നീക്കം ഇരുമുന്നണികളും തമ്മിലുള്ള അന്തർധാര വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയൻ, മകൾ വീണ വിജയൻ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വ്യക്തവും ശക്തവുമായ തെളിവുകൾ പുറത്തുവന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്താനുള്ള വി.ഡി. സതീശന്റെ നീക്കം പിണറായി വിജയന്റെ അഴിമതിക്ക് യുഡിഎഫ് പിന്തുണ നൽകുന്നതിന്റെ സൂചനയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ഇടതും വലതും തമ്മിലുള്ള ബന്ധം കേരളത്തിലും പരസ്യമായിരിക്കുകയാണ്. ത്രിപുരയിലും ബംഗാളിലും ജനങ്ങൾ സിപിഎമ്മിനും കോൺഗ്രസിനും നൽകിയ തിരിച്ചടി കേരളത്തിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി വിജയിച്ച മൂന്ന് സീറ്റുകളെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി കാണണമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന കേവലം സ്ത്രീ വിരുദ്ധ പ്രസ്താവനയായി മാത്രം കാണാനാകില്ലെന്നും അത് മാതൃരാഷ്ട്രവാദപരമായ നിലപാടാണെന്നും കൃഷ്ണദാസ് പറഞ്ഞു. മുസ്ലിം സംഘടനകൾ ഒന്നടങ്കം അദ്ദേഹത്തെ പിന്തുണച്ചത് മനസ്സിലാക്കാം. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ സിപിഎമ്മും കോൺഗ്രസും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം അധികാരം നേടുകയും അധികാരത്തിൽ തുടരുകയും ചെയ്യുന്നത് പ്രധാനമാണെങ്കിലും, ബിജെപിയെ സംബന്ധിച്ചിടത്തോളം നിസ്വാർത്ഥ സേവനവും ഭാരതത്തിന്റെ വികസനവുമാണ് പ്രധാന ലക്ഷ്യമെന്ന് കൃഷ്ണദാസ് പറഞ്ഞു.

പ്രവർത്തകരിൽ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള പ്രേരണയും ആവശ്യമായ പരിശീലനവും നൽകുന്നതിനാണ് ഇത്തരം പഠനശിബിരങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അധ്യക്ഷത വഹിച്ചു.

ബിജെപി ദേശീയ കൗൺസിൽ അംഗങ്ങളായ എം. സഞ്ജീവ ഷെട്ടി, പി.കെ. വേലായുധൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്, കണ്ണൂർ മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, പ്രമീള സി. നായിക്, എ. വേലായുധൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത്, കണ്ണൂർ മേഖല വൈസ് പ്രസിഡന്റ് വിജയകുമാർ റൈ, കുമ്പടാജ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. യശോദ, ബെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലിനി എന്നിവർ പങ്കെടുത്തു.

ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികൾ പങ്കെടുക്കുന്ന ശിബിരം ഞായറാഴ്ച വൈകുന്നേരം സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page