ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസങ്കടി, അംഗഡിപ്പദവിലെ പഴയ ഇരുനില വീട്ടിനകത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നോര്‍ത്ത് കര്‍ണാടക, ഹൊസപ്പേട്ട, ലിംഗനായിക്കന ഹള്ളിയിലെ പരേതനായ പീര നായികിന്റെ മകന്‍ സതീശ (38)യാണ് മരിച്ചത്. ഇന്നലെ (വെള്ളി) രാത്രിയോടെ അംഗ ഡിപ്പദവിൽ നരസിംഹ മൂര്‍ത്തി എന്നയാളുടെ ഉടമസ്ഥതയിലുള്ള പഴയ ഇരുനില വീടിന്റെ അടുക്കളയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രസ്തുത വീട്ടില്‍ വാടകക്ക് താമസിക്കുന്ന കൃഷ്ണപ്പയാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ വീട്ടുടമയായ നരസിംഹമൂര്‍ത്തിയെ വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തിയ ശേഷം പൊലീസിനെ വിവരമറിയിച്ചു. എഎസ്പി അശോക് അച്യുത്, മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എംവി വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തല ചിതറിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മുറിവുകള്‍ കാണപ്പെട്ടു. അടുക്കളയിലെ ആട്ടുകല്ലില്‍ ചോര പറ്റിപ്പിടിച്ച നിലയിലാണ്. കൊലപാതകമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മരണപ്പെട്ട സതീശയെ പ്രസ്തുത വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന ആളെ കാണാതായിട്ടുണ്ട്. ഇയാളും കര്‍ണാടക സ്വദേശിയാണ്. മറ്റൊരു സ്ഥലത്ത് താമസിച്ചാണ് സതീശ വിവിധ ജോലികള്‍ ചെയ്തിരുന്നത്. ഒരു മാസം മുമ്പാണ് ഒടുവില്‍ നാട്ടില്‍ പോയി തിരിച്ചെത്തിയത്. സതീശ അംഗഡിപ്പദവിലെ വീട്ടിലെത്തിയത് എന്തിനെന്ന് വ്യക്തമല്ല. ഇന്ന് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റും. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ മഞ്ചേശ്വരത്ത് എത്തിയിട്ടുണ്ട്. മാതാവ്: ഗിരിജമ്മ. സഹോദരങ്ങള്‍: രാജനായിക്, രവി നായിക്, ആശാഭായ്, ലക്ഷ്മിഭായ്, നിര്‍മ്മലാഭായ്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
Scroll to top

You cannot copy content of this page