സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം

ചെറുവത്തൂര്‍: നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ആരംഭിച്ച സര്‍വ്വീസ് സ്റ്റേഷന്‍ തുറക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ഉടമയുടെ പരാതി. ചീമേനി വെളിച്ചംതോട് സ്വദേശിയും സ്മാര്‍ട് ലൈന്‍ ഓട്ടോ സര്‍വീസ് സ്ഥാപന ഉടമയുമായ കെ മനോജാണ് പരാതിയുമായി രംഗത്തെത്തിയത്. ചില സ്ഥാപിത താല്പര്യക്കാരുടെ ഇടപെടല്‍ മൂലം രണ്ടര മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിന്റെയും റവന്യു വകുപ്പിന്റെയും ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും അനുമതി പത്രവും സ്ഥാപനത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ചിലര്‍ സ്ഥാപനത്തെ കുറിച്ച് വ്യാജപ്രചരണം നടത്തി പൂട്ടിക്കുകയായിരുന്നു. ലീസിന് എടുത്ത 65 സെന്റ് സ്ഥലത്ത് ചെറുകിട വ്യവസായ സംരംഭമായാണ് സ്ഥാപനം തുടങ്ങിയതെന്ന് മനോജ് പറയുന്നു. വായ്പ എടുത്തും സ്വര്‍ണ്ണം പണയം വെച്ചു കിട്ടിയ 40 ലക്ഷം രൂപ ചെലവില്‍ ആണ് സര്‍വ്വീസ് സ്റ്റേഷന്‍ തുടങ്ങിയത്. സ്ഥാപനത്തില്‍ നിന്നും ഒരു മലിനജലവും പുറത്തേക്ക് പോകുന്നില്ലെന്ന് വ്യക്തമായിട്ടും സമീപത്തെ വീടുകളിലെ കിണറില്‍ മുഴുവന്‍ ഗ്രീസിന്റെ അംശം കണ്ടെത്തിയതായി തെറ്റായ പ്രചാരണം നടത്തിയെന്ന് മനോജ് പറയുന്നു. നിയമാനുസൃതമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറാണെന്നും സ്ഥാപനം ഏത് വിധേനയും പൂട്ടിക്കുമെന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും ഉടമയും ബന്ധുക്കളും അഭ്യര്‍ഥിച്ചു. സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും അല്ലാതെ മറ്റൊരു പ്രതിവിധിയും കാണുന്നില്ലെന്നും കുടുംബം മുന്നറിയിപ്പു നല്‍കുന്നു. മനോജിനൊപ്പം ഭാര്യ കെ. വി നിമിഷ, ബന്ധുവായ കെ.പി സുരേഷ്, കുട്ടികള്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page