മംഗളൂരു: പുത്തൂർ ബെട്ടാംപടി മഹാലിംഗേശ്വര ക്ഷേത്രത്തിൽനിന്ന് കാണിക്കവഞ്ചി മോഷ്ടിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയെ പുത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക സ്വദേശി കെ. സതീഷാണ് (31) അറസ്റ്റിലായത്.
ആഗസ്ത് 25ന് രാവിലെയാണ് ക്ഷേത്രത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന ഭണ്ഡാര പെട്ടി കാണാതായത് ക്ഷേത്ര ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ക്ഷേത്ര അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 24ന് രാത്രി അജ്ഞാതൻ സംഭാവനപ്പെട്ടി എടുത്ത് ഓടിപ്പോകുന്നതായി കണ്ടെത്തി. തുടർന്ന് ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ വിനോദ് കുമാർ പൊലീസിൽ പരാതി നൽകി. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് സംഘം കാസർകോട് കിന്നിംഗാർ, ബദിയടുക്ക, അഡൂർ എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. പിന്നാലെ അന്തർ സംസ്ഥാന മോഷ്ടാവായ സതീഷിനെ ബദിയടുക്കയിൽനിന്ന് അറസ്റ്റ് ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷനിലടക്കം മോഷണവുമായി ബന്ധപ്പെട്ട് സതീഷിനെതിരെ ഇതിനകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പുത്തൂർ സബ് ഡിവിഷണൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ തിമ്മപ്പ നായിക്കിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഭണ്ഡാര പെട്ടിയിൽ 4500 ഉണ്ടായിരുന്നതായും ഭണ്ഡാര പെട്ടിക്ക് 2500 രൂപ വിലയുള്ളതായും ക്ഷേത്ര അധികൃതർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








