കാസര്‍കോട്: മഞ്ചേശ്വരം, മിയാപ്പദവ്, ബട്ടിപ്പദവില്‍ വ്യാപാരിയെ പട്ടാപ്പകല്‍ കടയില്‍ കയറി വെടി വച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മിയാപ്പദവിലെ റഹീമി(32)നെയാണ് ജില്ലാ പൊലീസ് മേധാവി പി. നിധിന്‍രാജ്, എഎസ്പി അശോക് അച്യുത് എന്നിവരുടെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എംവി വിഷ്ണുപ്രസാദും സംഘവും അറസ്റ്റു ചെയ്തത്. റഹിമിനെതിരെ കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലായി 16ല്‍പ്പരം കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കുളൂര്‍, ചിഗുര്‍പദെ കുന്നില്‍ ഹൗസില്‍ മുഹമ്മദ് സഫ് വാന്‍ എന്ന വെടി സഫ് വാ(28)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആഗസ്റ്റ് രണ്ടാം വാരത്തിലാണ് കേസിനാസ്പദമായ സംഭവം. ബട്ടിപ്പദവിലെ വ്യാപാരിയായ ഷുഹൈബ് മോയിന്‍ ഷേഖി(28)നു നേരെയാണ് വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് കാറിലെത്തിയ സംഘം കടയിൽ കയറി ഭീഷണിപ്പെടുത്തിയ ശേഷമാണ് വെടിവച്ചത്. സംഭവത്തില്‍ ഖാദര്‍ മദങ്കല്ല്, മിയാപ്പദവ് റഹിം, അബൂബക്കര്‍ സിദ്ദിഖ്, മുഹമ്മദ് സഫ് വാന്‍, എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളില്‍ ഒരാളായ സഫ് വാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് റഹീമിന്റെ കാര്‍ കഴിഞ്ഞ ദിവസം ഗുവദപ്പടുപ്പില്‍ അപകടത്തില്‍പ്പെട്ടത്. മറ്റൊരു കാറില്‍ ഇടിച്ചായിരുന്നു അപകടം. ഇതേ തുടര്‍ന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട റഹിം നാട്ടില്‍ തന്നെ ഉണ്ടാകുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് സംഘത്തില്‍ എസ്‌ഐ ശബരീ കൃഷ്ണന്‍, എഎസ്‌ഐമാരായ രാജീവന്‍, ഫിലിപ് തോമസ് എന്നിവരും ഉണ്ടായിരുന്നു.







