കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കിന്റെ സിരാകേന്ദ്രവും അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ പരപ്പ ടൗണില്‍ ബസ് സ്റ്റാന്റ് എന്ന സ്വപ്‌നത്തിനു ഇനിയും ചിറകു മുളച്ചില്ല. കാലാകാലങ്ങളായി റോഡരുകില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിനെതിരെ ഒരു കൂട്ടം വ്യാപാരികള്‍ രംഗത്തു വന്നതോടെ ബസ് ജീവനക്കാരുടെ പ്രതിഷേധം ഉയരുന്നു. ബസ് സ്റ്റാന്റ് നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാവുന്നു.
മലയോരത്തെ പ്രമുഖ ടൗണായ പരപ്പയിലേയ്ക്ക് 1965ല്‍ ആണ് നിലേശ്വരത്ത് നിന്നു ആദ്യത്തെ സ്വകാര്യ ബസ് സര്‍വ്വീസ് ആരംഭിച്ചത്. അന്ന് പരപ്പയില്‍ രണ്ടോളം കടകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചെമ്മണ്‍ റോഡിലൂടെയാണ് ബസ് സര്‍വ്വീസ് നടത്തിയിരുന്നത്. അന്ന് ചരക്കുകള്‍ പരപ്പയില്‍ എത്തിക്കുന്നതിനും യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും സ്വകാര്യ ബസുകള്‍ നല്‍കിയ സംഭാവനകള്‍ വലുതായിരുന്നുവെന്നു പഴമക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.താഴെ പരപ്പയിലാണ് തുടക്കകാലം തൊട്ടേ ബസുകള്‍ സര്‍വ്വീസ് അവസാനിപ്പിച്ചിരുന്നത്. നിലവില്‍ പതിനഞ്ചോളം ബസുകള്‍ അറുപതോളം ട്രിപ്പുകള്‍ പരപ്പയിൽ നിന്നു നടത്തുന്നുണ്ട്.
താഴെ പരപ്പയില്‍ ബസ് നിര്‍ത്തിയിട്ടാണ് ആദ്യ കാലം തൊട്ട് ജീവനക്കാര്‍ ഭക്ഷണം കഴിച്ചിരുന്നതും പ്രഥമിക ആവശ്യങ്ങൾ നിര്‍വ്വഹിച്ചിരുന്നതും. ഓരോ ബസും പരമാവധി 15 മിനുറ്റുമാത്രമാണ് നിര്‍ത്തിയിടുന്നതെന്നു ജീവനക്കാര്‍ ചൂണ്ടികാട്ടുന്നു.
എന്നാല്‍ ഇത്രയും സമയം ബസുകള്‍ റോഡരുകില്‍ നിര്‍ത്തിയിടാന്‍ കഴിയില്ലെന്നാണ് ഏതാനും വ്യാപാരികളുടെ ഇപ്പോഴത്തെ നിലപാടെന്നു പറയുന്നു. അഞ്ചു മിനിറ്റ് സമയം കൊണ്ട് ഭക്ഷണം കഴിക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനോ കഴിയില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ താഴെ പരപ്പയിലേയ്ക്ക് ബസ് സര്‍വ്വീസ് നടത്തേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് ജീവനക്കാര്‍. പരപ്പ സ്‌കൂളിനു സമീപത്ത് സര്‍വ്വീസ് അവസാനിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.ഇത് താഴെ പരപ്പയിലെ വിവിധ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് വലിയ ദുരിതമാകുമെന്ന് യാത്രക്കാരും ചൂണ്ടികാണിക്കുന്നു. പുതിയ ബസ് സ്റ്റാന്റ് നിലവില്‍ വരുന്നതുവരെ 1965 മുതല്‍ ബസ് നിര്‍ത്തിയിടുന്ന സ്ഥലം അനുവദിക്കണമെന്നു ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.







