കാസര്‍കോട്: 16 വര്‍ഷം മുമ്പ് ഭാര്യാ സഹോദരനെ കുത്തിക്കൊന്ന കേസിലെ പിടികിട്ടാപ്പുള്ളി ഉപ്പളയില്‍ അറസ്റ്റില്‍. കണ്ണൂര്‍, വാഴയില്‍ മുഹമ്മദ് അലി (55)യെയാണ് കണ്ണൂര്‍ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇയാള്‍ ഉപ്പളയില്‍ മറ്റൊരു വിവാഹം കഴിച്ച് താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
2010 സെപ്തംബര്‍ 17ന് പറശ്ശിനിക്കടവ്, മാങ്കടവിലെ മൊയ്തുവിന്റെ മകനായ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് .മുഹമ്മദ് അലിയുടെ ഭാര്യാ സഹോദരനാണ് കൊല്ലപ്പെട്ട ജലീല്‍. അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിൽ മറ്റൊരു സഹോദരനായ ഷംസീറിനും സാരമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ മുഹമ്മദ് അലിയെ വളപട്ടണം പൊലീസ് അന്ന് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി. പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഓപ്പറേഷന്‍ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ ഡിഐജി കെ കാര്‍ത്തിക് , കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് ഭരത് റെഡ്ഡി എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നാര്‍ക്കോട്ടിക് സെല്‍ എസിപി വിവി മനോജ്, ടൗണ്‍ എസിപി എംപി ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
കൊലപാതകത്തിന് ശേഷം കര്‍ണ്ണാടകയിലും കേരളത്തിലുമായി വിവിധ സ്ഥലങ്ങളില്‍ താമസിച്ച പ്രതി ഫുട്പാത്ത് കച്ചവടക്കാരനായും പാചകക്കാരനായും കഴിഞ്ഞിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ പോയതിന് ശേഷം സ്വന്തം വീടുമായി യാതൊരു ബന്ധവും മുഹമ്മദ് അലി പുലര്‍ത്തിയിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മുഹമ്മദലി കാസര്‍കോട് ഭാഗത്ത് എവിടെയോ ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉപ്പളയില്‍ മറ്റൊരു വിവാഹം കഴിച്ചു കഴിയുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചതും പ്രസ്തുത സ്ഥലം കണ്ടെത്തി മുഹമ്മദ് അലിയെ പിടികൂടിയതും.
പൊലീസ് സംഘത്തില്‍ എസ്‌ഐമാരായ വിനോദ്, ഷാജി, എഎസ്‌ഐമാരായ സ്‌നേഹേഷ്, സജിത്ത്, ലെവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാസര്‍, അനൂപ്, ഷംസീത് അഹമ്മദ് എന്നിവരും ഉണ്ടായിരുന്നു.







