കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വ്യാപാരി സുധാകരൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറി. കത്തിയ കാറിന്റെ 20 മീറ്റർ അകലെ നിന്ന് പെട്രോൾ കന്നാസ് കണ്ടെത്തി. കാർ ഇടവഴിലൂടെ പോകുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ സിസിടീവി ദൃശ്യം പുറത്തു വന്നു. ഇതോടെയാണ് കൊലപാതകമെന്ന സംശയം വർധിച്ചത്. നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചല്ല കാർ കത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. വളരെ പതുക്കെയാണ് കാർ ഇറക്കമിറങ്ങുന്നത്. അതിന് ശേഷം പെട്ടെന്ന് കത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഒന്നുകിൽ ആത്മത്യയാകാമെന്നും അല്ലെങ്കിൽ കൊല ആയിരിക്കുമെന്നും പൊലീസ് പറയുന്നു. സുധാകരന്റെ വീടിന്റെ 250 മീറ്റർ അകലെയാണ് സംഭവം നടന്നത്. ജീപ്പ് കോംപസ് കാറാണ് പൊട്ടിത്തെറിച്ചത്. സ്ഥലത്തു നിന്നും കണ്ടെടുത്ത കന്നാസ് ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. കാറിന് തീപിടിച്ചപ്പോൾ സുധാകരൻ അതിനുള്ളിൽ കുടുങ്ങി മരിച്ചതാകാം എന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. ബുധനാഴ്ച്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്.
കാറിനു തീപിടിച്ചാണ് ചേവായൂർ സ്വദേശി, വാഹന-വസ്തു ഇടപാട് വ്യാപാരിയായ സി.പി. സുധാകരൻ മരിച്ചത്. ബിസിനസ് ആവശ്യത്തിനായി വീട്ടിൽനിന്ന് കൊയിലാണ്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും സുധാകരന്റെ ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിനുള്ളിൽ കുടുങ്ങിയ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.








