എം എസ് എഫ് ജില്ലാ കമ്മിറ്റിയിൽ പ്രതിസന്ധി രൂക്ഷം ; 5 ജില്ലാഭാരവാഹികൾ രാജിവച്ചു ; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും രാജിയിലേക്ക്

കാസർകോട് : എംഎസ്എഫ് ജില്ലാ പ്രസിഡന്റിന്റെയും ജനറൽ സെക്രട്ടറിയുടെയും ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലാ ട്രഷറർ സർഫറാസ് ബന്ദിയോട് ഉൾപ്പെടെ 5 ജില്ലാ ഭാരവാഹി കൾ രാജിവച്ചു. സർഫറാസിനു പുറമേ, വൈസ് പ്രസിഡന്റുമാരായ ജംഷീർ മൊഗ്രാൽ, മുർഷിദ് മൊഗ്രാൽ, സെക്രട്ടറിമാരായ ബിലാൽ ആരിക്കാടി, അൻസാർ വൊർക്കാടി എന്നിവരാണ് ഭാരവാഹിത്വം രാജിവെച്ചത്. മഞ്ചേശ്വരം മണ്ഡലം എംഎസ്എഫ് ഭാരവാഹികളും ഇന്ന് രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലേക്ക് കാസർകോട് ജില്ലാ കമ്മിറ്റിയിൽ നിന്ന് മുൻ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന സവാദ് അംഗഡിമുഗറിനെ ശുപാർശ ചെയ്യണമെന്ന് രാജിവച്ച ഭാരവാഹികൾ ജില്ലാ പ്രസിഡന്റ്, ജില്ലാ ജന. സെക്രട്ടറി എന്നി വരെ നേരത്തെ അറിയിച്ചിരുന്നതായി പറയുന്നു. എന്നാൽ ജില്ലാ പ്രസിഡന്റ് സൈഫുദ്ദീൻ തങ്ങളും ജനറൽ സെക്രട്ടറി അൻസാർ കുന്നിലും ഏകപക്ഷീയമായി ശാനിഫ് നെല്ലിക്കട്ടയെ സംസ്ഥാന കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കുകയും ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന കമ്മിറ്റിയിൽ എംഎസ്എഫ് സംസ്ഥാന ജോയിൻറ് സെക്രട്ടറിയായി ശാനിഫിനെ പ്രഖ്യാപിക്കുകയും ചെയ്തു .ജില്ലയിലെ എം എസ് എഫിന്റെ സീനിയർ നേതാവായ സവാദ് അംഗഡിമുഗറിനെ ഏകപക്ഷീയമായി തഴഞ്ഞുകൊണ്ട് ജില്ലാ പ്രസിഡണ്ടും ജന. സെക്രട്ടറിയും ചേർന്ന് എടുത്ത ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇവർ രാജിവെച്ചത്. സവാദ് അംഗടിമുഗറിനെ സംസ്ഥാന കമ്മിറ്റി അംഗമായി ജില്ലയിൽ നിന്ന് നിർദ്ദേശിക്കാൻ തീരുമാനിച്ചിരുന്നതായി ജില്ലാ പ്രസിഡന്റ് നേരത്തെ ജില്ലാ കമ്മിറ്റിയിൽ പ്രസ്താവിച്ചിരുന്നുവെന്നും സംസാരമുണ്ട്. ഇതിന് പുറമേ നേരത്തെ ജില്ലാ കമ്മിറ്റിയിൽ നിന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിൽ രണ്ട് ഭാരവാഹികൾ ഉണ്ടായിരുന്നത് ഇത്തവണ ഒന്നായി കുറഞ്ഞതായും ആക്ഷേപമുണ്ട്. സംസ്ഥാന കമ്മിറ്റി അംഗത്വം സംബന്ധിച്ച് ജില്ലാ നേതൃത്വത്തിലെ അഭിപ്രായ ഭിന്നതയാണ് രാജിക്ക് ഇടയാക്കിയതെന്ന് പറയുന്നു. ഇതു ജില്ലയിൽ സംഘടനയിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും അതിന്റെ ഭാഗമാണു മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ രാജി നീക്കമെന്നും പറയുന്നു. മാത്രമല്ല, മറ്റു മണ്ഡലം കമ്മിറ്റികളിലും ഇതു ഭിന്നതക്കിടയാക്കിയിട്ടുണ്ടെന്നും സംസാരമുണ്ട്. ജില്ലാ ഭാരവാഹികളുമായി പ്പോലും ആശയവിനിമയം നടത്താതെയും കൂട്ടായ ആലോചന ഒഴിവാക്കിയും സംഘടനാ തീരുമാനം എടുക്കുന്ന ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങളിലുള്ള പ്രതിഷേധമാണ് അഞ്ച് ജില്ലാ ഭാരവാഹികളെ രാജിക്ക് നിർബന്ധിതരാക്കിയതെന്ന് സംസാരമുണ്ട്. പ്രവർത്തകരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന ജനാധിപത്യപരമായ പ്രവർത്തനരീതി പുനസ്ഥാപിക്കണമെന്ന് രാജിവച്ചവർ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page