മുംബൈ: ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. മുംബൈ ബോറിവെല്ലി മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് നടപടി. എന്നാല്‍ ശിക്ഷ ഒരു വര്‍ഷം ആയതിനാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല. അതേസമയം കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാൻ ഇല്ലെന്നുമാണ് മാണി സി കാപ്പൻ പറയുന്നത്. തനിക്ക് ഉടൻ ലഭിക്കുന്ന പദവി തടയുക ആണ് ലക്ഷ്യം എന്നും മാണി സി കാപ്പൻ ആരോപിക്കുന്നു.
2015 മുതല്‍ നടക്കുന്ന നിയമ വ്യവഹാരത്തിനൊടുവിലാണ് വിധി വന്നിരിക്കുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്നായിരുന്നു മാണി സി കാപ്പനെതിരായ പരാതി. കേരള ഹൈക്കോടതിയിൽ പരാതി നൽകിയതിന് പിന്നാലെയാണ് പരാതിക്കാരന്‍ ബോറിവെല്ലി കോടതിയെ സമീപിച്ചത്. കോടതി വിശദമായ വാദം കേട്ടതിന് ശേഷമാണ് മാണി സി കാപ്പന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ചൊവ്വാഴ്ച കോടതിയില്‍ എംഎല്‍എ ഹാജരായിരുന്നില്ല. അതിനാല്‍ തന്നെ അറസ്റ്റ് വാറണ്ട് അടക്കം ഉടന്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നാല് കേസുകളിലുമായി ആകെ 5.30 കോടി രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബാങ്കില്‍ നിക്ഷേപിച്ച നാല് ചെക്കുകളും പണമില്ലാതെയും ഒപ്പിലെ വ്യത്യാസം കാരണവും മടങ്ങിയതോടെയാണ് ദിനേശ് മേനോന്‍ എന്ന വ്യവസായി മുംബൈ ബോറിവലി കോടതിയെ സമീപിച്ചത്. ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് കേസുകളിലാണ് മുംബൈ കോടതി ഇപ്പോള്‍ തടവും പിഴയും വിധിച്ചത്.








