കാസർകോട്: പ്രമുഖ മത പണ്ഡിതനും വാഗ്മിയും സമസ്ത കേന്ദ്ര മുശാവറ ട്രഷററുമായ കൊയ്യോട് ഉമർ മുസ് ലിയാരെ കാസർകോട് സംയുക്ത ജമാഅത് ഖാസിയായി നിയമിക്കാൻ സംയുക്ത ജമാഅത്ത് തീരുമാനിച്ചു.
പ്രസിഡൻ്റ് എൻ എ നെല്ലിക്കുന്നിൻ്റെ അധ്യക്ഷതയിൽ ചേർന്ന
സംയുക്ത മുസ്ലിം ജമാഅത്ത് പ്രവർത്തക സമിതിയംഗങ്ങളുടെയും മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കൗൺസിലർമാരുടെയും സംയുക്ത ജമാഅത്തിന് കീഴിലുള്ള അംഗ ജുമുഅത്ത് പള്ളി പ്രസിഡൻ്റ്, സെക്രട്ടറിമാരുടെയും സംയുക്ത യോഗമാണ് ഐക്യകണ്ഠേന തീരുമാനമെടുത്തത്.
പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാരുടെ നിര്യാണത്തെ തുടർന്നുള്ള ഒഴിവിലാണ് നിയമനം.
പുതിയ ഖാസിയുടെ സ്ഥാനാരോഹണ തിയ്യതി സംയുക്ത ജമാ അത്ത് സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേർന്ന് തീരുമാനിക്കും. നിലവിൽ സമസ്ത ട്രഷററും വിദ്യാഭ്യാസ ബോർഡ് ജോ. സെക്രട്ടറിയും എസ് എൻ ഇ സി ഗവേണിംഗ് ബോർഡ് കൺവീനറും പെരിങ്ങത്തൂർ, കർണാടകയിലെ മൂഡിഗരെ തുടങ്ങിയ വിവിധ സംയുക്ത ജമാഅത്തുകളുടെ ഖാസിയായി സേവനം അനുഷ്ഠിക്കുന്ന ഉമർ മുസ്ല്യാർ, കൊയ്യോട് ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന പരേതനായ കൊയ്യോട് മൊയ്തീൻ കുട്ടി മുസ്ലിയാരുടെ പുത്രനാണ്.
പാപ്പിനിശ്ശേരി ജാമിയ അസ് അദിയ്യ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡൻ്റും പ്രിൻസിപ്പലുമാണ്.
യോഗത്തിൽ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ടും മാലിക് ദീനാർ ജുമാ മസ്ജിദ് കമ്മറ്റി പ്രസിഡണ്ടുമായ യഹ് യ തളങ്കര മുഖ്യ പ്രഭാഷണം നടത്തി.
കരീം സിറ്റി ഗോൾഡ്, മുഹമ്മദ് കുഞ്ഞി ചായിൻ്റടി, കെ ബി മുഹമ്മദ് കുഞ്ഞി, മജീദ് പട്ള, എം എ എച്ച് മഹമൂദ്, കെ.എ.മുഹമ്മദ് ബഷീർ, യു.സഹദ് ഹാജി, സിദ്ദീഖ്
നദ് വി ചേരൂർ, അഷ്റഫ് പളളിക്കണ്ടം, ഹമീദ് മിഹ്റാജ്, കെ.എം.അബ്ദുറഹിമാൻ, ടി.എ.ഷാഫി, മൊയ്നുദ്ദീൻ കെ.കെ.പുറം, സി.അബ്ദുള്ള കുഞ്ഞി ഹാജി, എ.ബി ഷാഫി, മഹ്മൂദ് ഹാജി എരിയപ്പാടി പ്രസംഗിച്ചു.







