കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. വിചാരണയ്ക്ക് ഹാജരാകാത്തതിലാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതി ജാമ്യം റദ്ദാക്കിയത്. 2025ലായിരുന്നു ഖാദര്‍ കരിപ്പൊടിക്കെതിരെ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓണ്‍ലൈന്‍ ചാനലിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരായ കേസ്. വിവിധ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ ഖാദറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വധശ്രമക്കേസില്‍ ഒളിവിലായതിനാല്‍ പോക്‌സോ കേസിന്റെ വിചാരണയില്‍ ഖാദര്‍ കരിപ്പൊടി ഹാജരായിരുന്നില്ല. ഇതോടെയാണ് കോടതി ജാമ്യം റദ്ദാക്കിയത്. കഴിഞ്ഞ ജൂണിൽ പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഖാദറിനെതിരെ കാസര്‍കോട് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ ഇയാള്‍ കഴിഞ്ഞ രണ്ടുമാസമായി യുവാവ് ഒളിവിലാണ്. കര്‍ണാടകയിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം.







