ബന്തിയോട്ടെ യുവ വ്യാപാരിയെ ആക്രമിച്ച് കാര്‍ തട്ടിക്കൊണ്ട് പോയി; ഐ ഫോണും നഷ്ടപ്പെട്ടു, അക്രമം ഗുണ്ടാപ്പണം കൊടുക്കാത്ത വിരോധത്തില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തിയോട്ട് യുവ വ്യാപാരിയെ തടഞ്ഞുനിര്‍ത്തി അക്രമിച്ച ശേഷം കാര്‍ തട്ടിക്കൊണ്ടു പോയതായി പരാതി. ഐ ഫോണും നഷ്ടപ്പെട്ടു. ബന്തിയോട്ടും ബംഗ്‌ളൂരുവിലും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന മള്ളങ്കൈയിലെ അലി മുക്താദ് (34) ആണ് അക്രമത്തിനിരയായത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (തിങ്കള്‍) വൈകുന്നേരം അടുക്ക, ഗുർമ പൊതുശ്മശാനത്തിന് സമീപത്താണ് സംഭവം. ബന്തിയോട്ട് നിന്ന് വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു അലി മുക്താദ്. ഗുര്‍മയില്‍ എത്തിയപ്പോള്‍ മൂന്നംഗ സംഘം കാര്‍ തടഞ്ഞ് നിര്‍ത്തി അരലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പണം കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെ അലിമുക്താദിനെ കാറില്‍ നിന്നു വലിച്ച് പുറത്തിട്ട് മര്‍ദ്ദിച്ച ശേഷം അക്രമികള്‍ കാറും ഐ ഫോണുമായി കടന്നു കളയുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് അതുവഴിയെത്തിയ വാഹനയാത്രക്കാരാണ് അലി മുക്താദിനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട് മംഗ്‌ളൂരുവിലേക്ക് മാറ്റുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഷംസീര്‍, അയാസ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് അക്രമം നടത്തിയതെന്ന് അക്രമത്തിനിരയായ അലി മുക്താദ് മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page