കാസര്‍കോട്: യൂണിയന്‍ ബാങ്കിന്റെ ഡാറ്റ ചോര്‍ത്തി ആര്‍ബിഐ ഗവര്‍ണര്‍ക്കും ന്യൂസ് ചാനലിനും കത്തയച്ച് ബാങ്കിന് 3145 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി പരാതി. സംഭവത്തില്‍ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യൂണിയന്‍ ബാങ്ക് കോഴിക്കോട് റീജ്യണല്‍ ലോ ഓഫീസര്‍ യു .റീജ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബാങ്കിന്റെ മംഗ്‌ളൂരു സോണ്‍ ഓഫീസിലെ അസി. മാനേജര്‍ ജെ. പുരന്ദരയാണ് കേസിലെ പ്രതി. 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ഇയര്‍ എന്‍ഡിംഗ് ബിസിനസ് ഡാറ്റ അനധികൃതമായി ഡൗണ്‍ലോഡ് ചെയ്ത് കോപ്പി ചെയ്ത് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്കും ന്യൂസ് ചാനലിനും നല്‍കുകയായിരുന്നുവെന്ന് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഡാറ്റ ചോര്‍ന്നതു വഴി ബാങ്കിനും ഓഹരി ഉടമകള്‍ക്കുമായി 3,145 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയില്‍ പറഞ്ഞു.







