കുമ്പള: വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന കുമ്പള ബസ്സ്റ്റാന്റ്, ചര്‍ച്ചകള്‍ കഴിയുന്തോറും കുരുക്കുകളില്‍ മുറുകി കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു.
രണ്ടു ദിവസം മുമ്പു കുമ്പള ഇന്‍സ്‌പെക്ടര്‍ ബസ് തൊഴിലാളി പ്രതിനിധികളെ പങ്കെടുപ്പിച്ചു ചര്‍ച്ച നടത്തിയിരുന്നു. ആലോചിച്ച് അറിയിക്കാമെന്ന് ഉറപ്പു നല്‍കി തൊഴിലാളി പ്രതിനിധികളെ പറഞ്ഞു വിട്ടു. ഇന്നു രണ്ടു പൊലീസുകാര്‍ ബസ് സ്റ്റാന്റില്‍ നിന്നു യാത്രക്കാരെ പഴയ ബസ്സ്റ്റാന്റില്‍ ഇറക്കിയ ശേഷം ബസുകള്‍ പുതിയ സ്റ്റാന്റുകളില്‍ പാര്‍ക്ക് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ജീവനക്കാര്‍ അത് അവഗണിച്ചു. നിമിഷന്തോറും ഓരോരുത്തര്‍ പറയുന്നതിനനുസരിച്ചു കോലം തുള്ളാന്‍ തങ്ങള്‍ക്കാവില്ലെന്നും വേണ്ടി വന്നാല്‍ സര്‍വ്വീസ് പൂര്‍ണ്ണമായി നിറുത്തി വയ്ക്കാമെന്നും അവര്‍ മറുപടി കൊടുത്തുവെന്നു പറയുന്നു. പൊലീസുകാര്‍ അതുകേട്ടു സമാധാനപ്പെടുന്നു. രണ്ടു ദിവസം മുമ്പു പഞ്ചയാത്ത് ട്രാഫിക് ഉപദേശക സമിതിയും വിളിച്ചുകൂട്ടിയിരുന്നെന്നു പറയുന്നു.
കുമ്പള കെ എസ് ഡി പി റോഡില്‍ 40 ലക്ഷം രൂപ ചെലവഴിച്ചു പഞ്ചായത്ത് നാലു വെയ്റ്റിംഗ് ഷെഡ് ഉണ്ടാക്കിയിരുന്നു. ഈ തുകയുമായി ബന്ധപ്പെട്ടും വിവാദം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി, ഭരണ നേട്ടത്തിനു തെളിവായാണ് ഖജനാവില്‍ നിന്ന് വന്‍ തുക ചെലവഴിച്ച് ബസ് വെയ്റ്റിംഗ് ഷെഡ് ഉണ്ടാക്കിയത്. ഇത് ഒരു പ്രശ്‌നവുമില്ലാതെ മര്യാദക്കു പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ബസ്സ്റ്റാന്റിനെയാണ് വിവാദ കേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്.
ഈ പരിഷ്‌ക്കാരത്തെ പല കോണുകളും അന്ന് എതിര്‍ത്തിരുന്നെങ്കിലും അന്നത്തെ പഞ്ചായത്തധികൃതര്‍ വിചാരിച്ചതു നടപ്പാക്കുക തന്നെ ചെയ്തു.
അതിനു ശേഷം അധികാരത്തില്‍ വന്ന നിലവിലെ പഞ്ചായത്തു ഭരണസമിതി ബസ് സ്റ്റാന്റ് അവിടെ നിന്നു പഴയ സ്ഥലത്തേക്കു മാറ്റാന്‍ തീരുമാനിച്ചു. ഓരോരുത്തര്‍ ഓരോ ദിവസത്തെ താല്‍പ്പര്യങ്ങള്‍ക്കെടുക്കുന്ന തീരുമാനത്തിനനുസരിച്ചു തുള്ളാനാവില്ലെന്നു വീണ്ടും യാത്രക്കാരും ബസ് ജീവനക്കാരും മറ്റും നിലപാടെടുത്തു.
പൊലീസ് അധികൃതരും പലതവണ ചര്‍ച്ച നടത്തിയെങ്കിലും പഞ്ചായത്തു ഭരണ സമിതികളുടെ തീരുമാനത്തില്‍ സുതാര്യത കണ്ടെത്താനാവാതെ നിയമ നടപടികളും നിശ്ചലമാവുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്തു ഭരണ സമിതിയും നിലവിലെ പഞ്ചായത്ത് ഭരണ സമിതിയും ഒരു പാര്‍ട്ടിയുടെ തന്നെയാണെങ്കിലും ബന്ധപ്പെട്ട പാര്‍ട്ടി ഇക്കാര്യത്തില്‍ തങ്ങള്‍ ഈ നാട്ടുകാരല്ലെന്ന നിലപാടു തുടരുകയാണെന്ന് പരാതിയുണ്ട്. ആ നിലപാട് യാത്രക്കാര്‍ക്കും ബസ്സുകള്‍ക്കും പൊതു ജനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കുമൊക്കെ കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നു. കുമ്പളയിലെ സമാധാനാന്തരീക്ഷം കലുഷിതമാക്കാന്‍ സാഹചര്യമൊരുക്കുന്നതായും പരാതിയുണ്ട്.







