കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച 12-നുശേഷം മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ. മൂവായിരത്തിലധികം മാപ്പിളപ്പാട്ടുകൾ ഇദ്ദേഹം ഈണം ഇട്ടിട്ടുണ്ട്.
ആത്മത്യാഗത്തിന്റെ ഈണമുള്ള ‘കരയാനും പറയാനും മനംതുറന്നിരക്കാനും…’, ‘കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ..’ തുടങ്ങിയ പാട്ടുകൾ മൂളാത്ത ഒരു മലയാളി പോലുമുണ്ടാവില്ല.
യേശുദാസ്, കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ തുടങ്ങി മലയാളത്തിന്റെ പ്രമുഖ ഗായകരെല്ലാം ഇദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റുമായിരുന്നു കോഴിക്കോട് അബൂബക്കർ. ഈണങ്ങളുടെ സുൽത്താൻ’ എന്നപേരിൽ ഹമീദ് കോളിയടുക്കം രചിച്ച പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിനിടെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.
ഇരുമ്പുകച്ചവടക്കാരനായ ഇമ്പിച്ചി അഹമ്മദിന്റെയും ഖദീജയുടെയും മകനായിരുന്നു അബൂബക്കർ. ഭാര്യ: കെ.വി. സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന. മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന.








