പടക്കനിര്‍മാണശാലയില്‍ വന്‍ സ്ഫോടനം; ഉത്തര്‍പ്രദേശില്‍ 8 കുട്ടികള്‍ അടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ ഏറെയും സമീപവാസികള്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പടക്കനിര്‍മാണശാലയില്‍ വന്‍ സ്ഫോടനം. 8 കുട്ടികള്‍ അടക്കം 11 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
പിപ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മനോരി ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലാണ് ശക്തമായ സ്ഫോടനം നടന്നത്. കൃഷിയിടത്തിലെ ഒരു വീട്ടിലായിരുന്നു നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നത്.
സ്ഫോടനത്തിന്റെ ശക്തിയില്‍ ഫാക്ടറിക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. ഫാക്ടറിയോട് ചേര്‍ന്നുള്ള അഞ്ച് വീടുകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റ 11 പേരെ പ്രയാഗ്രാജിലെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ 8 പേരുടെ മരണം സംഭവിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അമിത് പാല്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ അതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ച് വയസ്സുകാരി പ്രിയാഞ്ജലി, പ്രവീണ്‍ സിങ്(13), ജാന്‍വി(12), ആദിത്യ(12), ആദിത്യ(8), രവി(8), അഞ്ജു(32), ജ്ഞാന്‍ സിങ്(40), വിക്രം സരോജ്(35), അന്‍ഷ്(6), നാനാ(4) എന്നിവരാണ് മരിച്ചവര്‍. പടക്കനിര്‍മാണശാലയുടെ സമീപപ്രദേശങ്ങളില്‍ താമസിച്ചിരുന്നവരാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. 18 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ഡല്‍ഹി-ഹൗറ റെയില്‍പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതവും ഏകദേശം ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു. അപകടസ്ഥലത്തിന് സമീപമെത്തിയ അജ്മീര്‍-സിയാല്‍ദ എക്സ്പ്രസ് മനോരി റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചയച്ചു. ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് സയ്യിദ് സരാവന്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page