ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ചിക്കന്‍ കഷണം അധികം കഴിച്ചത് ഇഷ്ടപ്പെട്ടില്ല; കൂട്ടുകാരനെ യുവാവ് കുത്തിക്കൊലപ്പെടുത്തി, അപകടമരണമാണെന്ന് വരുത്താനുള്ള ശ്രമവും ഫലിച്ചില്ല

ബെലഗാവി: കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ചിക്കന്‍ കഷണങ്ങള്‍ കഴിച്ചതിനെച്ചൊല്ലിയുണ്ടായ നിസാരമായ തര്‍ക്കം സുഹൃത്തിന്റെ കൊലയില്‍ കലാശിച്ചു. കഴിഞ്ഞ ദിവസം രാത്രി മുദലഗി താലൂക്കിലെ ഹുനശ്യാല്‍ പിജി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് പിലിഭിത്ത് ജില്ലയിലെ കബീര്‍ഗഞ്ച് സ്വദേശി സീതാറാം ആണ് കൊല്ലപ്പെട്ടത്. അരുണ്‍കുമാറാണ് പ്രതി. ഇരുവരും മുദലഗിയിലെ പ്രിയ സ്റ്റീല്‍ കമ്പനിയിലെ ജീവനക്കാരാണ്. സുഹൃത്തുക്കളെല്ലാം കൂടി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഒരാള്‍ ചിക്കന്‍ കഷണം അധികം എടുത്തു. കൂടുതല്‍ ചിക്കന്‍ കഷണങ്ങള്‍ കഴിക്കുന്നതിനെച്ചൊല്ലി സീതാറാമും അരുണും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം കടുത്തതോടെ പ്രകോപിതനായ അരുണ്‍ കുമാര്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി. പരിക്കേറ്റ സീതാറാമിനെ അരുണ്‍ കുമാര്‍ തന്നെ ഗോകക് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് എങ്ങനെ പറ്റിയെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീണതാണെന്ന് അരുണ്‍ പറയുകയായിരുന്നു. എന്നാല്‍ ആഴത്തിലുള്ള മുറിവ് കണ്ട ഡോക്ടര്‍മാര്‍ക്ക് ഇയാളുടെ വിശദീകരണത്തില്‍ സംശയം തോന്നി. പൊലീസ് ആശുപത്രിയിലെത്തി അരുണ്‍ കുമാറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍, സീതാറാമിനെ കുത്തിയതായി പ്രതി സമ്മതിക്കുകയായിരുന്നു. ചികില്‍സിലായിരുന്ന സീതാറാം വൈകാതെ മരണപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രതിക്കെതിരെ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page