കാട്ടാനയ്ക്കുമുണ്ട് മൗലികാവകാശം

നാരായണന്‍ പേരിയ

കാട് കുലുക്കി നടന്നു വരുന്നു
കരിമല പോലൊരു കൊമ്പന്‍
മുമ്പില്‍ച്ചെന്നാല്‍ വന്‍പുലിയേയും
കൊമ്പില്‍ കോര്‍ക്കും വമ്പന്‍!

കാട് കുലുങ്ങുമ്പോള്‍ കാട്ടിലെ വന്‍ മരങ്ങള്‍ കടപുഴങ്ങി വീഴും. പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാവും. പരിസ്ഥിതി നാശത്തിന് കാരണമാക്കിയത് കൊമ്പനാനകളാണ്. ഒന്നാം പ്രതിയാക്കി ആനയുടെ പേരില്‍ കേസെടുക്കേണ്ടതാണ്. എന്നാല്‍ സുപ്രീംകോടതി പറയുന്നു, ആനക്കൂട്ടങ്ങള്‍ക്ക് ദോഷമാകാനിടയുള്ളതൊന്നും ചെയ്യാന്‍ പാടില്ല; അത് കുറ്റമാണ് എന്ന്.

ആനത്താരകളില്‍ തടസ്സമുണ്ടാക്കരുത്. തടസ്സമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും പാടില്ല. ആനത്താരകള്‍- ആന സഞ്ചരിക്കുന്ന വഴികള്‍- എവിടെയെല്ലാം ഉണ്ട് എന്നറിയാന്‍ രാജ്യവ്യാപക സര്‍വേ നടത്തണം. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും കൃഷിക്കും പ്രതിബന്ധമാകും എന്ന് പറഞ്ഞ് ആനകളുടെ വഴിമുടക്കരുത്. ദീര്‍ഘദൂരം സഞ്ചരിക്കുന്ന മൃഗമാണ് ആന. നേപ്പാളില്‍ നിന്ന് ആനകള്‍ കൂട്ടത്തോടെ എത്തുന്നത് തടയാന്‍ പശ്ചിമ ബംഗാളില്‍ തീഗോളങ്ങളും കൂര്‍ത്ത മുള്ളുകളും ഉപയോഗിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജ. ജോയ് മല്യാബാഗ്ചി പറഞ്ഞു. ആനക്കൂട്ടങ്ങളുടെ ദിശ തെറ്റിക്കാന്‍ പാടില്ല. കൂട്ടംതെറ്റി ഒറ്റപ്പെട്ടു പോകരുത് ഒരാനയും. അവയെ തുരത്തി ഓടിക്കരുത്. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ഇത് സംബന്ധിച്ച് സര്‍വേ നടത്തണം. ആറാഴ്ചയ്ക്കുള്ളില്‍ സര്‍വ്വേ റിപ്പോര്‍ട്ട്സമര്‍പ്പിക്കണം. നീണ്ട് പോകരുത് തുടര്‍ നടപടികള്‍ -സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

വിവിധ സംസ്ഥാനങ്ങളിലൂടെ ആനകള്‍ പോകുന്നത് തടസ്സപ്പെടാതിരിക്കാന്‍ വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ രേഖ നിലവിലുണ്ട്. എങ്കിലും ചില പ്രാദേശിക പ്രശ്നങ്ങളാല്‍ ആനത്താരകള്‍ക്ക് തടസ്സമുണ്ടാവുന്നു. ഈ സാഹചര്യങ്ങളാലാണ് സമഗ്രമായ പുതിയ സര്‍വ്വേ നടത്താന്‍ ആവശ്യപ്പെടുന്നത് എന്ന് ബെഞ്ച് വ്യക്തമാക്കി.

ആനക്കൂട്ടങ്ങളെ തുരത്തിയോടിക്കുന്ന പതിവുണ്ടെന്നും, ഇത് തടയാനുള്ള നടപടിയുണ്ടാകണമെന്നും പരിസ്ഥിതി പ്രവര്‍ത്തകയായ പ്രേരണാസിങ് ബിന്ദ്ര ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് അത്യുന്നത നീതി പീഠത്തിന്റെ ഇടപെടലുണ്ടായത്.

ഇത് ആനകളുടെ കാര്യം. മറ്റ് വന്യമൃഗങ്ങള്‍ക്കും സമാനപ്രശ്നങ്ങളുണ്ടല്ലോ. കോടതിയില്‍ ഹര്‍ജി കൊടുക്കാന്‍ മൃഗങ്ങള്‍ക്ക് ശേഷിയില്ലാത്തത് കൊണ്ട്, പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വമേധയാ സഹായത്തിനെത്തണം. കാട്ടുപന്നികളെ വേട്ടയാടാന്‍ പാടില്ല, കടുവകളെ ശല്യപ്പെടുത്തരുത്, കുരങ്ങുകളെയും അലോസരപ്പെടുത്തരുത്; കാട്ടുപന്നികളെയും. ഈ വന്യജന്തുക്കള്‍ നമ്മെ സംബന്ധിച്ചിടത്തോളം ശല്യക്കാരാണ്. കൃഷിയിടത്തിന് ചുറ്റും മതില്‍കെട്ടുകളും മുള്ളുവേലിയും ആഴമുള്ള കിടങ്ങുകളും ഉണ്ടാക്കും. മാരക വിഷത്തില്‍ മുക്കിയ ഭക്ഷ്യ വസ്തുക്കള്‍ അതിര്‍ത്തികളില്‍ വലിച്ചെറിയും-മൃഗങ്ങളെ കൊന്നൊടുക്കാന്‍; അങ്ങനെ ശല്യം ഒഴിവാക്കാന്‍ വേണ്ടിയുള്ള മുന്‍ കരുതല്‍ പലതും.

ഒരു പുതിയ നിര്‍ദ്ദേശം കാട്ടാനകളെ തടയാന്‍ ഇടിച്ചക്ക പറിക്കാം എന്ന തലക്കെട്ടില്‍ വാര്‍ത്ത. കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങുന്ന് തടയാന്‍ വനാതിര്‍ത്തികളിലെ പ്ലാവുകളിലെ ഇടിച്ചക്ക പറിക്കാന്‍ പദ്ധതിയുമായി വനം വകുപ്പ്. ചക്ക പഴുക്കുമ്പോള്‍ അതിന്റെ മണം പിടിച്ചാണത്രേ ആനക്കൂട്ടങ്ങള്‍ വനാതിര്‍ത്തിയിലേയ്ക്കെത്തുന്നത്. ചക്ക തീരുമ്പോള്‍ ഇവ നാട്ടിലേയ്ക്ക് ഇറങ്ങുന്നു- വനം വകുപ്പ് വിലയിരുത്തുന്നു. എന്നാല്‍, ആനകള്‍ നാട്ടിലിറങ്ങുന്നതിന്റെ ഒരു കാരണം മാത്രമാണ് ഇത്.

ശേഖരിക്കുന്ന ഇടിച്ചക്ക കൃഷിവകുപ്പിന് വനം വകുപ്പ് കൈമാറുന്നു. ചക്കച്ചിപ്സ്, ചക്ക അച്ചാര്‍, ഇത്യാദി റെഡി- ടു- കുക്ക് ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള സാധ്യത. ഇതിനായി സംസ്‌ക്കരണ യൂണിറ്റുകളെ കണ്ടെത്തുന്ന ചുമതല കൃഷിവകുപ്പിന്. തനമിഴ് നാട്ടിലെ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്കും ഇടിച്ചക്ക നല്‍കാന്‍ ഉദ്ദേശിക്കുന്നു. ഇതിനായി നമ്മുടെ വനം, കൃഷി വകുപ്പ് മന്ത്രിമാരുടെ രണ്ട് കൂടിയാലോചനായോഗങ്ങള്‍ നടന്നു. ആലോചനയും ചര്‍ച്ചയും മാത്രം പോരാ, പ്രാവര്‍ത്തികമാക്കണം വൈകാതെ. കാട്ടാനകള്‍ കാത്തു നില്‍ക്കുകയില്ല; നാട്ടിലേയ്ക്കിറങ്ങും, നാശം വിതയ്ക്കും സര്‍വത്ര.

ഇടിച്ചക്കപ്പരിപാടി പോലെ ചിലത് മറുനാടുകളിലും നിലവിലുണ്ടത്രേ. കരടിശല്യമാണ് വടക്കേ അമേരിക്കയില്‍ പ്രശ്നം. അവിടെ പഴങ്ങള്‍ നേരത്തെ നീക്കുന്നു. കെനിയയിലും ടാന്‍സാനിയയിലും തേനീച്ചകളുടെ സഹായം തേടുന്നു. കൃഷിയിടങ്ങള്‍ക്ക് ചുറ്റും തേനീച്ചക്കൂടുകളൊരുക്കുന്നു. ആനകളെ അകറ്റി നിര്‍ത്താന്‍ വേണ്ടി. അവിടെയൊന്നും പ്രബുദ്ധരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇല്ല എന്ന് തോന്നുന്നു.

ശ്രീലങ്കയിലും അസാമിലും മുള്ളുവേലിയും മുന്നറിയിപ്പ് സംവിധാനങ്ങളും അതിര്‍ത്തികളില്‍. മുന്നറിയിപ്പ് ബോര്‍ഡോ? ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹം എന്നത് പോലെ? ആനകള്‍ ഇഷ്ടപെടാത്ത ബഫര്‍ സോണില്‍ കൃഷിചെയ്യുന്നു.

വിസ്തൃതമായ വനാര്‍ത്തികളിലെ മുഴുവന്‍ പ്ലാവുകളും കൃത്യസമയത്ത് കണ്ടെത്തി ചക്ക ശേഖരിക്കാന്‍ വലിയ തോതിലുള്ള സൗകര്യങ്ങള്‍ വേണ്ടിവരും. ജല ലഭ്യത, മറ്റ് വിളകള്‍, ആവാസ വ്യവസ്ഥാശോഷണം തുടങ്ങിയ മറ്റ് കാരണങ്ങളാല്‍ ആനകള്‍ നാട്ടിലിറങ്ങാനുള്ള സാധ്യത പൂര്‍ണമായും ഒഴിവാക്കാന്‍ എളുപ്പമല്ല. കൂടാതെ പദ്ധതി, സാമ്പത്തികമായി വിജയിപ്പിക്കാനും പ്രയാസങ്ങള്‍ ഏറെയുണ്ട്.

ആനയുടെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ, മറ്റ് വന്യ മൃഗങ്ങളും ഇഴജന്തുക്കളും നാട്ടിലിറങ്ങുന്നുണ്ട്. ഒഴിവാക്കുക, പ്രതിരോധിക്കുക- എളുപ്പമല്ല. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ധിക്കരിക്കുന്നത് കുറ്റകരം. ശിക്ഷാര്‍ഹം.

ഓര്‍ക്കുക: കാട്ടാനകള്‍ക്കുമുണ്ട് മൗലികാവകാശം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page