തപാൽ പദ്ധതിയിലും കാസർകോടിനു അവഗണന: തപാൽ വേഗത്തിലാക്കുന്ന വാഹന സർവീസും കണ്ണൂർ വരെ മാത്രം

കാസർകോട്: കേരളത്തിലേക്കുള്ള തീവണ്ടികളെല്ലാം കണ്ണൂരിൽ അവസാനിപ്പിക്കുന്ന റെയിൽവേ മന്ത്രാലയത്തിന് പിന്നാലെ തപാൽ വകുപ്പിനും കാസർകോട് മതിയായി.തപാൽ വേഗത്തിലാക്കാൻ വേണ്ടി പ്രതിദിന വാഹന സർവീസ് ഏർപ്പെടുത്തിയ തപാൽ വകുപ്പിന്റെ തീരുമാനത്തിലാണ് കാസർകോടിനെ തഴഞ്ഞത്.

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് 6 ടൺ ശേഷിയുള്ള പ്രതിദിന വാഹന സർവീസാണ് തപാൽ വകുപ്പ് ഏർപ്പെടുത്തിയത്. തപാൽ ഉരുപ്പടികൾ വേഗത്തിൽ വിതരണം ചെയ്യുന്നതിനായി കേരള പോസ്റ്റൽ സർക്കിൾ ആരംഭിച്ച തിരുവനന്തപുരം- കണ്ണൂർ റോഡ് ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് സേവനത്തിൽ നിന്നു കാസർകോട് ഒഴിവാക്കപ്പെട്ടു .

തപാൽ വാഹനം തിരുവനന്തപുരത്തുനിന്ന് രാത്രി 9ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 11:30ന് കണ്ണൂരിൽ എത്തുന്ന രീതിയിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്ന് തിരിച്ചും സർവീസ് നടത്തും. തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ കൊല്ലം,എറണാകുളം, തൃശ്ശൂർ,കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ചിട്ടുള്ളതാണ് സർവീസ്.പദ്ധതി കഴിഞ്ഞദിവസം കേരള സർക്കിൾ ചീഫ് പോസ്റ്റു മാസ്റ്റർ ജനറൽ അമിതാഭ് സിംഗ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.

മറ്റു ജില്ലകളെപ്പോലെ തപാലുമായി ബന്ധപ്പെട്ടു വളരെയേറെ പാർസലുകളും, ഉരുപ്പടികളും അയക്കുന്ന ജില്ലയാണ് കാസർകോട്.വേഗത കൂടിയ തപാൽ വാഹന സർവീസിൽ കാസർകോടിനെ തഴഞ്ഞതിൽ ജില്ലയിലെ ഓൺലൈൻ വ്യാപാരികളടക്കം പ്രതിഷേധത്തിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളിളിലെല്ലാം കാസർകോട് തഴയപ്പെടുന്നതു ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page