ചികിത്സയ്ക്കിടെ കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ചു; അവശ നിലയിലായിട്ടും ഐസിയുവിലേക്ക് മാറ്റിയില്ലെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കട്ടിലിൽനിന്ന് വീണ് രോഗിക്ക് ദാരുണാന്ത്യം. കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ള(87) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് കട്ടിലിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ആഗസ്റ്റ് 26നാണ് സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ 29 ന് കട്ടിലിൽ നിന്ന് താഴെ വീഴുകയായിരുന്നു. വീണതിനെ തുടർന്ന് തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. അതുവരെ സംസാരിച്ചിരുന്ന സുകുമാരപിള്ള പിന്നീട് സംസാരിക്കാതെയായെന്നും അവശനിലയിലായിട്ടും ഐസിയുവിലേക്ക് മാറ്റുകയോ വിദഗ്ധ ചികിത്സ നൽകുകയോ ചെയ്തില്ലെന്നും മകൻ ആരോപിച്ചു. ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകിയിരുന്നെങ്കിൽ വീഴ്ച ഒഴിവാക്കാമായിരുന്നുവെന്നും കുടുംബം പറയുന്നു. പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. അതേസമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്നും ഹാൻഡ്റെയിലുള്ള കട്ടിലുകൾ ഒഴിവുണ്ടായിരുന്നില്ലെന്നുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വിശദീകരണം. ആ സമയത്ത് ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെയും സമാനമായ സംഭവം ആശുപത്രിയിൽ നടന്നിരുന്നു. ജൂൺ മാസത്തിലാണ് കൊല്ലം സ്വദേശി വിൽഫ്രഡ് കട്ടിലിൽ നിന്ന് വീണ് മരിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്ക് ആയിരുന്നു മരണകാരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page