കാസർകോട്: 2019 മെയ് അഞ്ചിനുണ്ടായ പെരിയ ഇരട്ട കൊലപാതകത്തെ തുടർന്ന് കല്യോട്ട് ബലിക്കളത്തെ സിപിഎം പ്രവർത്തകൻ വത്സരാജിന്റെ വീടും അവിടെ ഉണ്ടായിരുന്ന പോലീസുകാരെയും അക്രമിക്കുകയും കല്യോട്ടും പരിസരങ്ങളിലും ആക്രമങ്ങൾ നടത്തുകയും ചെയ്തുവെന്ന കേസിൽ പ്രതികളായ കോൺഗ്രസ് പ്രവർത്തകരെ കോടതി എട്ടുവർഷം തടവും 91,000 രൂപ പിഴയും ശിക്ഷിച്ചു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി(3) ജഡ്ജി അചിന്ത്യരാജ് ഉണ്ണിയാണ് ശിക്ഷ വിധിച്ചത്. വത്സരാജിന്റെ വീടും അവിടെ പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയും ആക്രമിക്കുകയും അക്രമ വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘത്തെ ഗുരുതരമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളായ കോൺഗ്രസ് പ്രവർത്തകരെ നാലുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷിച്ചത്. ഇതിനു പുറമേ 332 വകുപ്പ് അനുസരിച്ച് ഒരു വർഷം തടവും 5000 രൂപ പിഴയും,147 വകുപ്പ് അനുസരിച്ച് ആറുമാസം തടവും 1000 രൂപ പിഴയും, 148 വകുപ്പ് അനുസരിച്ച് ഒരു വർഷം തടവും പത്തായിരം രൂപ പിഴയും, നാനൂറ്റി ഇരുപത്തിയേഴാം വകുപ്പ് അനുസരിച്ച് ഒരു വർഷം തടവും ഇരുപതിനായിരം രൂപ പിഴയും 448 വകുപ്പ് അനുസരിച്ച് ആറുമാസം തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. കോൺഗ്രസ് പ്രവർത്തകരായ ഗോപകുമാർ എം, സതീശൻ എം കെ, സനൽകുമാർ എ കെ, വിജിത് എം, വിവേക് ചന്ദ്രൻ, ആനന്ദ് കൃഷ്ണൻ, ചന്ദ്രൻ കെ, ഗിരീഷ് എ, രവി എം, അനീഷ്കുമാർ എം എന്നിവരും കണ്ടാൽ അറിയുന്ന രണ്ട് പേരുമാണ് കേസിലെ യഥാക്രമം ഒന്നു മുതൽ 12 വരെ പ്രതികൾ. കേസിൽ ഒന്നാംപ്രതിയായ ഗോപകുമാർ എം, ആറാം പ്രതി ആനന്ദ് കൃഷ്ണൻ, പത്താംപ്രതി അനീഷ് കുമാർ എന്നിവർ വിചാരണവേളയിൽ കോടതിയിൽ ഹാജ രാകാതിരുന്നതിനാൽ ഇവരെ കേസിൽ നിന്ന് മാറ്റിനിറുത്തി യാണ് കോടതി വിധി പ്രസ്താവിച്ചത്. ഇവർക്കെതിരെയുള്ള കേസ് കോടതി പിന്നീട് വിചാരണ നടത്തും. പ്രതികൾ വത്സരാജിന്റെ വീട്ടിൽ കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ കരുതിക്കൂട്ടി മാരകായുധങ്ങളുമായി സംഘംചേർന്ന് അതിക്രമിച്ചു കയറുകയും ജനൽ ചില്ലുകളും ഫൈബർ കസേരകളും പൊളിക്കുകയും മുറ്റത്തുണ്ടായിരുന്ന നാലു വാഹനങ്ങൾ അടിച്ചും കല്ലെറിഞ്ഞും കേടുപാടുണ്ടാക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിച്ച പോലീസുകാരെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.








