കാസര്‍കോട്: കാസര്‍കോട് കലക്ട്രേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് ആശാലതയുടെ മരണം സംബന്ധിച്ച് എ ഡി എം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ജോലി സമ്മര്‍ദ്ദമോ, സ്ഥലം മാറ്റമോ അല്ല ആത്മഹത്യയ്ക്കു കാരണമായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗം. അഞ്ചുവര്‍ഷമായി ആശാലത കടുത്ത നിരാശയിലായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെങ്കള, അതൃക്കുഴി സ്വദേശിനിയായ ആശാലത (41) ആഗസ്റ്റ് ഏഴിനാണ് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ചത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശാലത ആദ്യം ചെങ്കളയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആരുടെയും സമ്മര്‍ദ്ദം മൂലമല്ല വിഷം കഴിച്ചതെന്നായിരുന്നു ആശാലത അന്നു പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്. അന്നു രാത്രിയോടെ ആശാലതയുടെ നില ഗുരുതരമാവുകയുംകോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. എന്നാൽ ആഗസ്റ്റ് ഒന്‍പതിനു ആശാലത മരണത്തിനു കീഴടങ്ങി.
എന്‍ ജി ഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന ആശാലതയെ അകാരണമായി എന്റോസള്‍ഫാന്‍ സെല്ലിലേയ്ക്ക് സ്ഥലം മാറ്റിയതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ എഡിഎമ്മിനെ ചുമതലപ്പെടുത്തിയത്.
റവന്യൂ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആശാലതയെ മെയ് പത്തിനാണ് എന്റോസള്‍ഫാന്‍ സെല്ലിലേയ്ക്ക് മാറ്റിയത്.
മരണം സംബന്ധിച്ച് എ ഡി എം നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഉടന്‍ സര്‍ക്കാരിനു കൈമാറും.







