ബിരിക്കുളം: കാട്ടു പന്നികൾ വാഹനത്തിന് കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ബിരിക്കുളം കരിയാംകൊടലിലെ എ.കെ. സന്തോഷിന്റെ കെ എൽ 64 ജി 9430 കാർ ആണ് അപകടത്തിൽപ്പെട്ടത്.
കരിയാംകൊടലിനും പുലിയാംകുളത്തിനും ഇടയിലെ പഞ്ഞിക്കുന്ന് കയറ്റത്തിൽ ഞായറാഴ്ച പത്ത് മണിയോടെയാണ് സംഭവം. മൂന്ന് പന്നികൾ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. പന്നികളിലൊന്ന് കാറിൽ ഇടിച്ചതിനെ തുടർന്ന് വാഹനത്തിന് സാരമായ കേടുപാടു സംഭവിച്ചു.
റോഡിന്റെ ഇരുവശങ്ങളിലും കുഴികളും വീതി കുറവുമുള്ള ഭാഗത്താണ് അപകടം നടന്നത്. സന്തോഷിന്റെ മനസ്സാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവാക്കി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.







