കാസർകോട് : മൊഗ്രാൽ പുത്തൂർ ഉജീർക്കര കുളത്തിൽ കഴിഞ്ഞദിവസം കുളിക്കാൻ ഇറങ്ങിയ അഥിതി തൊഴിലാളി മുങ്ങിമരിച്ചു. രാജസ്ഥാൻ ജയ്പൂർ സ്വദേശി അൽ ഫയാസ് ഖാനാണ് മുങ്ങിമരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.ഇതിനിടെ ഫയാസ് ഖാൻ മുങ്ങിത്താഴുകയായിരുന്നു. കാസർകോട്ടു നിന്ന് എത്തിയ ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്നു മൃതദേഹം പുറത്തെടുത്തു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഈ മാസം തന്നെ ജില്ലയിലെ നാലാമത്തെ മുങ്ങിമരണമാണ് കഴിഞ്ഞ ദിവസത്തേത്. ആഗസ്റ്റ് 12ന് നായന്മാർമൂല തൻവീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സാഹിൽ (15) മുങ്ങിമരിച്ചതിന്റെ തേങ്ങൽ ഇപ്പോഴും മാറിയിട്ടില്ല. ഓണപ്പരീക്ഷ എഴുതാൻ സ്കൂളിൽ പോകുന്നതിന് മുമ്പ് വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ ആഴമേറിയ ഭാഗത്തേക്ക് വഴുതി വീഴുകയായിരുന്നു.ഉപ്പളയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മംഗൽപാടി ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അബൂബക്കർ അസാൻ(13) മുങ്ങി മരിച്ചതും ഏതാനും ദിവസം മുമ്പാണ്. കുളി കഴിഞ്ഞപ്പോഴാണ് കൂട്ടുകാർക്ക് അസാൻ ഒപ്പമില്ലെന്ന് മനസ്സിലായത്. ഓണാഘോഷ പരിപാടിക്കിടെ കിണറ്റിൽ വീണ 15 കാരൻ മരിച്ചതും ഏതാനും ദിവസം മാത്രം മുമ്പാണ്. ജില്ലയിൽ മുങ്ങിമരണങ്ങൾ നിത്യസംഭവവുമായി മാറുന്നതിൽ രക്ഷിതാക്കൾക്കിടയിൽ ആശങ്ക വർധിക്കുന്നു. പല കുട്ടികളും രക്ഷിതാക്കൾ അറിയാതെയാണ് കുളത്തിലും, ജലാശയങ്ങളിലും കുളിക്കാൻ ഇറങ്ങുന്നത്. നീന്തൽ വശമില്ലാത്ത കുട്ടികളാണ് അപകടത്തിൽപ്പെടുന്നത്.







