മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. 36വയസായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യം. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയിൽ സ്വാലിഹ് നേരിട്ട് ആണ് എത്തിയത്. ഉച്ചയ്ക്ക് അസുഖം വർധിച്ചതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു സ്വാലിഹ്. വലിയ സൗഹൃദ വലയത്തിനും ഉടമയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ ചെയ്ത് തന്റെ വിശേഷങ്ങളും ചില മൂല്യ വർദ്ധിത ഉല്പന്നങ്ങൾ വില്പനയുടെ വിവരങ്ങൾ പ്രേക്ഷകരുമായി ഇദ്ദേഹം പങ്കു വച്ചിരുന്നു. തൻ്റെ വൈകല്യങ്ങളെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് നേരിട്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഖബറടക്കം രാത്രി എട്ടുമണിക്ക് കരേക്കാട് സി.കെ പാറ ജുമാ മസ്ജിദിൽ നടക്കും.
പരേതനായ പരീക്കുട്ടി എന്ന ബാവഹാജിയുടെയും പരേതയായ മൂർക്കത്ത് നഫീസയുടെയും മകനാണ്. ചാവക്കാട് സ്വദേശിനി ജസീലയാണ് ഭാര്യ. മക്കൾ: ഫാത്തിമ സഫിയ, മുഹമ്മദ് മിസ്ബാഹ്. സഹോദരങ്ങൾ: അബ്ദുനാസർ, ഫാത്തിമ സുഹറ, സലീന, മുഹ്സിന.








