കണ്ണൂര്‍: കുളിക്കുന്നതിനിടെ നഗ്‌ന ദൃശ്യം പകര്‍ത്തിയെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാവിനെതിരെ കേസ്. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയില്‍ എസ്എഫ്‌ഐ നേതാവ് കെ.നവനീതിനെതിരെയാണ് ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തത്. അതേസമയം കേസില്‍ നിസാര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയെന്നാരോപിച്ച് യുവതി ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ഈമാസം 20 നാണ് സംഭവം നടന്നത്. വീട്ടില്‍ കുളിക്കുകൊണ്ടിരിക്കുന്നതിനിടെ വാതിലിന്റെ വിടവിലൂടെ മൊബൈല്‍ ഫ്‌ലാഷ് ലൈറ്റ് അടിച്ചുകൊണ്ട് നവനീത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് യുവതിയുടെ പരാതി.
യുവതി ബഹളം വെച്ചതോടെ നവനീതിനെ വീട്ടുകാര്‍ കയ്യോടെ പിടികൂടി തഞ്ഞുവച്ചു. ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ തന്റെ കുളിക്കുന്ന ദൃശ്യം കണ്ടതായി യുവതി പറയുന്നു. യുവതി തന്നെയാണ് ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്തത്. പിന്നീട് പൊലീസിന് പരാതി നല്‍കുകയായിരുന്നു. പൊലീസ് മൊബൈല്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഒരു ദൃശ്യവും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തെളിവുകള്‍ ലഭിച്ചാല്‍ കേസ് വകുപ്പു മാറ്റുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ കേസ് ഒതുക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. യുവാവിന് മാനസീക പ്രശ്‌നമുള്ളതായി വരുത്തി തീര്‍ക്കാനുള്ള ശ്രമം പാര്‍ടി നടത്തിയെന്നും, പരാതിയായി പറഞ്ഞകാര്യമൊന്നും പൊലീസ് എഴുതിയില്ലെന്നും യുവതി ആരോപിക്കുന്നു.








