തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് സ്ഥിരീകരണം. പ്രചരിച്ചത് സുകുമാര കുറുപ്പിന്റേ ചിത്രമല്ലെന്നും ദാമോദര മേനോന്റെതെന്നാണ് പ്രാഥമിക നിഗമനമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ബിജോയ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രചരിച്ച ചിത്രം തന്റെ ചേട്ടനായ തൃശൂര്‍ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേത് ആണെന്ന് സഹോദരന്‍ സുരേന്ദ്ര മേനോനും പ്രതികരിച്ചു. 40 വര്‍ഷം മുമ്പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് പോയത്. ഇദ്ദേഹം പിന്നീട് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. ഇദ്ദേഹത്തിന് മലേഷ്യന്‍ പൗരത്വമുണ്ട്. മലേഷ്യയില്‍ വെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം ചെയ്തു. കുട്ടികളും കുടുംബവുമായി അവിടെ കഴിയുകയാണ്. രണ്ട് മക്കളുണ്ട്. 42 വര്‍ഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ആളെ കണ്ടെത്തിയെന്നും, അയാളുടെ പേര് ജോണ്‍ മേനോന്‍ എന്നാണെന്നുമാണ് ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ച കേസ് അവസാനിപ്പിക്കുന്നതായി ക്രംബ്രാഞ്ച് വിവരം പുറത്തു വിട്ടിരുവന്നു. മരണപ്പെട്ടിട്ടുണ്ടാകും എന്ന അനുമാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന് പിന്നാലെയാണ് സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ലെന്ന തരത്തില്‍ വ്യാജ ഫോട്ടോയുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.
അതേസമയം സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വാര്‍ത്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുകയാണ്. കുറുപ്പിന്റെ എഐ വീഡിയോകളടക്കം ഇറക്കിയാണ് ട്രോളന്മാര്‍ ആഘോഷിക്കുന്നത്. കുറുപ്പിന്റെ രണ്ടാം ജന്മമാണിതെന്നും ട്രോളന്മാര്‍ പറയുന്നു.








