അത് സുകുമാരക്കുറുപ്പ് ആണോ? രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയതായി പ്രചരണം

കൊച്ചി: കേരളത്തിലെ ഏറ്റവും വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് പ്രചരണം. 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാൻ ഇരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്ന വാർത്തകളാണ് ചില മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഒരു സൈബർ വിദഗ്ദ്ധൻ എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളുടെയും ബന്ധുക്കളുടെ ഫോൺ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. മലേഷ്യ-ബ്രൂണെ അതിർത്തിയോട് ചേർന്ന സ്ഥലത്ത് വ്യാജപ്പേരിൽ ഇയാൾ താമസിക്കുന്നുണ്ടെന്നും നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വാർത്തകളിൽ സൂചിപ്പിച്ചിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന വയോധികൻ തൃശ്ശൂർ സ്വദേശിയായ മറ്റൊരു വ്യക്തിയാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.
സൈബര്‍ വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയില്‍ ജീവിച്ചിരുക്കുന്നതായുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളിയായ വയോധികന്‍ ബ്രൂണൈയില്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ലെന്ന് പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള യാതൊരു വിവരവും നിലവിൽ പൊലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കലില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.
1984 ജനുവരി 21നാണ് ചാക്കോയെ സുകുമാര കുറുപ്പ് കൊലപ്പെടുത്തിയത്. മാവേലിക്കരയ്ക്കടുത്ത് ഒരു കറുത്ത അംബാസഡർ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം അത് സുകുമാരക്കുറുപ്പാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഫിലിം റപ്രസന്റേറ്റീവ് ആയ ചാക്കോ ആണ് മരണപ്പെട്ടതെന്ന് വ്യക്തമായത്. സുകുമാരക്കുറുപ്പ് വിദേശത്ത് എടുത്ത ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ താന്‍ മരിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ കൊലപാതമായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുറുപ്പിനോട് രുപ സാദൃശ്യമുള്ള ചാക്കോയെ കാറില്‍ വെച്ച് കൊലപ്പെടുത്തിയശേഷം അതില്‍ തന്നെയിട്ട് കത്തിക്കുകയായിരുന്നു. മരിച്ചിട്ട് ഉണ്ടാവുമെന്ന് പൊലീസ് വിധിയെഴുതിയ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന കണ്ടെത്തൽ സംസ്ഥാനത്ത് വലിയ ചർച്ചയ്ക്ക് വഴി വച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page