കാഠ്മണ്ഡു: ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ വിറങ്ങലിച്ച് നേപ്പാള്‍. മരണസംഖ്യ 469 കടന്നു. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് കാണാതായവരുടെ എണ്ണം 1468 കടന്നു. കൈലാസ മലയിലേക്ക് പോയ 288 ഇന്ത്യക്കാരെ കുറിച്ച് വിവരമൊന്നുമില്ല. വിനോദയാത്രയ്ക്ക് പോയ 33 മലയാളികളെ ബന്ധപ്പെടാനായില്ല. ദുരന്തം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരമില്ല. ഇന്ത്യക്കാരെ കൂടാതെ ഓസ്ട്രേലിയ, ബ്രിട്ടന്‍, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നുണ്ടെന്ന് ടൂറിസം ബോര്‍ഡ് അറിയിച്ചു. ടിബറ്റിലും ദുരന്തം സംഭവിച്ചിട്ടുണ്ട്. ഇവിടെ 500 ഓളം പേരെ കാണാതായി. വീണ്ടും ഹിമസ്‌ഫോടനത്തിന് സാധ്യതമുണ്ടെന്ന് ചൈന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദുരന്തത്തില്‍ റോഡുകള്‍, പാലങ്ങള്‍ തുടങ്ങി മണ്ണിനടിയിലായി. ആശയവിനിമയത്തിനുള്ള സാധ്യതകളെല്ലാം തടസപ്പെട്ട നിലയിലാണ്. ഇതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. ടിബറ്റിനോട് ചേര്‍ന്നുള്ള ഒരു പ്രദേശത്തെ ഗ്രാമങ്ങളും നിരവധി പദ്ധതി സ്ഥലങ്ങളും വെള്ളത്തിലായി. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി 14 ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് നേപ്പാള്‍ സൈന്യം അറിയിച്ചു. ഹെലികോപ്ടര്‍ ഉപയോഗിച്ചു നടത്തിയ തിരിച്ചലില്‍ 593 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി ഒരുങ്ങിയിട്ടുണ്ട്. നേപ്പാള്‍ ആവശ്യപ്പെട്ടാല്‍ ദുരന്ത സ്ഥലത്തേയ്ക്ക് ഇന്ത്യന്‍ സൈന്യം പുറപ്പെടും.








