പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീൺകുമാർ (27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് ആണ് സംഭവം നടന്നത്. സഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു യുവാവ്. വീടിന് സമീപം നടന്ന നാട്ടുകാരുടെ
ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള വടംവലി മത്സരത്തിൽ പ്രവീൺകുമാർ പങ്കെടുത്തിരുന്നു. മത്സരത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ പ്രവീൺകുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








