തൃശ്ശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ യൂ ട്യൂബറായ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന കാസര്‍കോട് സ്വദേശിനി എസ്.ആര്‍. ധന്യക്കെതിരെ പൊലീസ്
കേസ് എടുത്തു. രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ ദീപ്തി കല്യാണി തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ പൊലീസാണ് ധന്യക്കെതിരെ കേസ് എടുത്തത്.
ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ആറുവകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിഡിയോയില്‍ ദീപ്തിക്കെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളാണ് ധന്യ നടത്തിയത്. ദീപ്തിയും സുഹൃത്തും പുതുതലമുറയെ വഴിതെറ്റിക്കുന്നു എന്നടക്കം ആരോപിച്ച് കൊണ്ടായിരുന്നു അധിക്ഷേപ വിഡിയോ.
തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട പറഞ്ഞുവെന്നാണ് ദീപ്തിയുടെ ആരോപണം. നേരത്തെ മദ്യപിച്ച് കാസര്‍കോട് ദേശീയപാതയിലൂടെ അമിതവേഗത്തില്‍ വാഹനം ഓടിച്ച സംഭവത്തില്‍ ധന്യയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. ജൂലായ് ഒന്നാം തീയതി ആയിരുന്നു സംഭവം നടന്നത്.








