കണ്ണൂര്‍: പണം അയച്ചതായി വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് സ്വര്‍ണമാലകള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. പാപ്പിനിശ്ശേരി, അരോളി, കാമ്രത്ത് മൊട്ട, മൈക്കീല്‍ ഹൗസിലെ ഇ.ജി അഭിഷേകി(26)നെയാണ് തളിപ്പറമ്പ് ഡിവൈ.എസ്പി ടിപി സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ശ്രീകണ്ഠാപുരത്തെ പാറമ്പുളയില്‍ ജ്വല്ലറിയില്‍ നിന്നു 29.960 ഗ്രാം തൂക്കം വരുന്ന രണ്ടു സ്വര്‍ണ്ണമാലകള്‍ തട്ടിയ കേസിലാണ് അറസ്റ്റ്.
ആഗസ്ത് 13ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ശ്യാംകൃഷ്ണന്‍ എന്ന് പരിചയപ്പെടുത്തിയാണ് യുവാവ് സ്വര്‍ണ്ണമാലകള്‍ വാങ്ങിയത്. പണം അയച്ചതിന്റെ വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ചാണ് യുവാവ് ജ്വല്ലറിയില്‍ നിന്ന് കടന്ന് കളഞ്ഞത്. തട്ടിപ്പ് വ്യക്തമായതോടെ യുവാവ് നല്‍കിയ ഫോണ്‍ നമ്പറില്‍ ജ്വല്ലറി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ഇ.ജി അഭിഷേക് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് 58,000 രൂപ അയച്ചു കൊടുത്തു. ബാക്കി തുകയായ 4,00,500 രൂപ അയച്ചു കൊടുക്കാത്തതിനെ തുടര്‍ന്ന് 19ന് ജ്വല്ലറി ഉടമ ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയത് അഭിഷേക് ആണെന്ന് കണ്ടെത്തി എറണാകുളത്ത് വച്ച് പിടികൂടിയത്.
കണ്ണൂര്‍ ടൗണിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയും രാമനാട്ടുകരയില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയും തട്ടിപ്പ് നടത്തിയ അഭിഷേകിനെതിരെ വിവിധ ജില്ലകളിലായി 15ല്‍പ്പരംകേസുകളുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സിനിമാ നിര്‍മ്മാതാവ്, സംവിധായകന്‍ എന്നൊക്കെ വിശ്വസിപ്പിച്ചാണ് അഭിഷേക് തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിയെടുത്ത സ്വര്‍ണം ഉടന്‍ വിറ്റു പണമാക്കി മാറ്റിയ ശേഷം ചെന്നൈ, ബംഗ്‌ളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെത്തി ചൂതാട്ടം നടത്തുകയാണ് ഇയാളുടെ രീതിയെന്ന് കൂട്ടിച്ചേര്‍ത്തു.








