കാസർകോട്: ജില്ലയിൽ പലേടങ്ങളിലും നോക്കിയിരിക്കെ, വൈദ്യുതി പോസ്റ്റുകളും ലൈനുകളും കാണാതായതു ഉപദോക്താക്കളെ പരിഭ്രമിപ്പിക്കുന്നു. വൈദ്യുതിയുടെയും വെളിച്ചത്തിന്റെയും കാര്യം ഇനി എന്താവുമെന്നതാണ് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നത്. മാത്രമല്ല,വൈദ്യുതി പോസ്റ്റുകളും ലൈനും ഒളിച്ചു കളിക്കുയാണെങ്കിൽ കെണിയിൽ കുടുങ്ങി നാട്ടുകാർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുമുണ്ട്. മഴക്കാലത്ത് അതിവേഗത്തിൽ ഇരച്ചു പടർന്ന കാട്ടുവള്ളികളും പച്ചിലപ്പടർപ്പുകളും പോസ്റ്റുകളിലും കേബിളുകളിലും കയറിയാണ് അവയെ മറച്ചിരിക്കുന്നത്. കാട്ടുവളളികളിലൂടെകറണ്ട് പ്രവഹിച്ചേക്കാമെന്നും അതു നാട്ടിൽ വലിയ അപകടത്തിനിടയാക്കിയേക്കാമെന്നുമാണ് നാട്ടുകാരുടെ ഭീതി. അപകടകരമായ കാട് കയറ്റം കറണ്ടു കമ്പിയിലും പോസ്റ്റിലുമായതുകൊണ്ട് അതു വെട്ടിമാറ്റാൻ കഴിയാതെ ജനങ്ങൾ വിഷമിക്കുകയാണ്.
സംഭവം വൈദ്യുതി പോസ്റ്റിൽ ആയതിനാൽ പഞ്ചായത്ത് അധികൃതർക്കോ, നാട്ടുകാർക്കോ സ്വമേധയാ വെട്ടി മാറ്റാൻ സാധ്യമല്ല.ഇത് വെട്ടി മാറ്റണമെങ്കിൽ കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കണം. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കാമെന്നാണ് കെഎസ്ഇബി അധികൃതരുടെ വാദം.എന്നാൽ വൈദ്യുതി ബന്ധത്തിന് തടസ്സമാകുന്ന മരങ്ങളും മറ്റും വൈദ്യുതി വകുപ്പ് അധികൃതർ കരാർ നൽകി വെട്ടി മാറ്റാറുണ്ട്. വൈദ്യുതി പോസ്റ്റുകളിലെ പച്ചിലപ്പടർപ്പ് വെട്ടി മാറ്റാൻ ഇവരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകാറില്ല.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ വൈദ്യുതി പോസ്റ്റുകളിൽ പച്ചിലപ്പടർപ്പ് കയറിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളും, ലൈനുകളും കാണാൻ പറ്റാത്ത അവസ്ഥയിലാണ് പല ഭാഗത്തുമുള്ളത്.ഇത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് വൈദ്യുതി ഉപഭോക്താക്കൾ കരുതുന്നു.വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പച്ചിലപ്പടർപ്പ് കൂടി വെട്ടിമാറ്റാൻ നടപടികൾ ഉണ്ടാകണമെന്നു വൈദ്യുതി ഉപഭോക്താക്കൾ മുറവിളികൂട്ടുന്നു .







