മലപ്പുറം: വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഗതാഗത മന്ത്രി സിപി ജോണ്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിന് മുമ്പ് യുവാവ് എംവിഡിക്കെതിരെ ഫേസ് ബുക്കില്‍ വിശദമായ പോസ്റ്റിട്ടിരുന്നു. ഫിറ്റ്‌നസിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആര്‍ടിഒയെ ബന്ധപ്പെട്ടതിനാല്‍ നിരന്തരമായി ഫിറ്റ്‌നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് ഫസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഓട്ടോയില്‍ സ്റ്റീല്‍ വര്‍ക്ക് ഉണ്ടെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് എംവിഡി ഫിറ്റ്നസ് നിഷേധിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോര്‍ വാഹന വകുപ്പ് ആണെന്നും ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തില്‍ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന കുറിപ്പില്‍ പറയുന്നു. സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് തന്റെ ജീവനൊടുക്കാനുള്ള തീരുമാനമെന്നും യുവാവ് കുറിപ്പില്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്വന്തം വീട്ടിലാണ് ആത്മഹത്യചെയ്ത നിലയില്‍ ഷൗക്കത്തിനെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.








