ചുള്ളിക്കരയില്‍ ഗാനമേളയ്ക്കിടയില്‍ സംഘര്‍ഷം; തടയാന്‍ ചെന്ന പൊലീസ് സംഘത്തിനു നേരെ അക്രമം, പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ മോചിപ്പിച്ചു കൊണ്ടുപോയി

കാസര്‍കോട്: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചുള്ളിക്കരയില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയില്‍ സംഘര്‍ഷം. തടയാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം. പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി പ്രതികളെ മോചിപ്പിച്ചുകൊണ്ടു പോയി.
ഇന്ന് (വ്യാഴം) പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഗാനമേള നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ഇരു സംഘങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. രാജപുരം എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ മുടിനീട്ടി വളര്‍ത്തിയ ഒരാള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും താക്കോല്‍ കൊണ്ട് കൈയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി രാജപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പൊലീസിനെ ആക്രമിച്ച പ്രതികളെ കസ്റ്റഡിയില്‍ എടുത്തു പൊലീസ് വാഹനത്തില്‍ കയറ്റി. ഈ സമയത്ത് പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലായ പ്രതികളെ ഏഴംഗ സംഘം മോചിപ്പിച്ചു കൊണ്ടുപോയി കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ കെ അഭിജിത്ത് (34), എന്‍ പി അസീസ് (52), വി കെ പവിത്രന്‍ (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page