കാത്തിരിപ്പുകൾക്ക് വിരാമമിട്ട്, ഒരുമയുടെ ഒരു ദിവസം കൂടി മലയാളിയുടെ ജീവിതത്തിലേക്ക് വന്നെത്തിയിരിക്കുകയാണ്, ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓർമപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. പുതുവസ്ത്രങ്ങൾ അണിഞ്ഞ്, കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്റെ നിറസ്മരണകളും സന്തോഷവും പങ്കുവയ്‌ക്കുന്നു. കാർഷികസംസ്‌കാരത്തിന്റെ വിളവെടുപ്പുൽസവമായ ഓണത്തിന് മാവേലിയുടെ ഐതിഹ്യം മാറ്റ് കൂട്ടുന്നു. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല കാലത്തിന്റെ സ്മരണ പുതുക്കലായി അത് മാറുന്നു. നാടിന് നന്മ മാത്രം ചെയ്യാനാഗ്രഹിച്ച ഒരു ഭരണാധികാരിയോട് സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന മറ്റേത് ഉത്സവമാണ് ലോകത്തുള്ളത്. വീടുകളിലെ ആഘോഷങ്ങൾക്കൊപ്പം ഓണക്കളികളും വള്ളംകളിയും തിരുവാതിരയും പുലികളിയും വിവിധ കലാപരിപാടികളും നാടെങ്ങും ഉത്സവാന്തരീക്ഷം തീർക്കും. ഇക്കുറി അത്തംതുടങ്ങി 11-ാം ദിവസമാണ് തിരുവോണമെത്തുന്നത്. പൂക്കളമൊരുക്കിയും സദ്യയൊരുക്കിയും ഓരോ വീടും തിരുവോണം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്.
എല്ലാ വായനക്കാർക്കും കാരവൽ മീഡിയയുടെ തിരുവോണാശംസകൾ..








