കാസർകോട്: ഓണപ്പൂക്കളം ഒരുക്കാൻ മറുനാടൻ പൂക്കൾക്ക് ‘ഗുഡ്ബൈ’ പറഞ്ഞ് ചെറുവത്തൂർ കുടുംബശ്രീ മോഡൽ സി.ഡി എസ്. പഞ്ചായത്തിലെ ഒമ്പത് വാർഡുകളിലായി 15 ഇടങ്ങളിൽ ചെണ്ടുമല്ലി പൂക്കളുടെ കൃഷി നടത്തിയാണ് മോഡൽ സി ഡി എസ് വീട്ടുമുറ്റങ്ങളിൽ പൂക്കൾ നിറക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ കീഴിൽ രൂപീകരിച്ച നാല് പേരടങ്ങുന്ന ജെ എൽ ജി ഗ്രൂപ്പുകളാണ് ഓണപ്പൂക്കളം പദ്ധതി ഏറ്റെടുത്തത്. പാട്ടത്തിന് എടുത്ത സ്ഥലങ്ങളിലാണ് കൃഷി ആരംഭിച്ചത്. 15 ജെ.എൽ.ജി ഗ്രൂപ്പുകൾ തുടങ്ങിയ വിവിധ വർണ്ണങ്ങളിലുള്ള ചെണ്ടുമല്ലി കൃഷിയിലൂടെ ഓണം കളറാക്കാൻ കഴിഞ്ഞതിന്റെ അതിയായ സന്തോഷത്തിലാണ് കുടുംബശ്രീ പ്രവർത്തകർ. കനത്ത മഴ കാരണം വലിയ നഷ്ടം സംഭവിച്ചിരുന്നെങ്കിലും എല്ലാ പ്രതിസന്ധിയും അതിജീവിച്ചാണ് പൂക്കൾ വിരിയിച്ചത്. വാർഡുകളിൽ വിളവെടുത്ത പൂക്കൾ കുടുംബശ്രീയുടെ ഓണം വിപണന മേളയിൽ ചുരുങ്ങിയ വിലയിൽ വിറ്റഴിച്ചു. പഞ്ചായത്തിലെ പതിനാറാം വാർഡിൽ നെല്ലിക്കാൽ, കാടങ്കോട് സുകൃതം ജെ.എൽ. ജി, പൂമ്പാറ്റ ജെ. എൽ.ജി ഗ്രൂപ്പുകളാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. രണ്ടു ഗ്രൂപ്പുകളിലെയും പൂക്കളുടെ വിളവെടുപ്പ് ഉത്രാട നാളിൽ വാർഡ് മെമ്പർ പത്താനത്ത് കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ചെറുവത്തൂർ മോഡൽ സി ഡി എസ് ചെയർപേഴ്സൺ ശ്രീജ ദിലീപ് അധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പർ സാവിത്രി, മാസ്റ്റർ കർഷക ഉഷ എന്നിവരും എ.ഡി.എസ്, അയൽക്കൂട്ടം അംഗങ്ങളും പങ്കെടുത്തു. നെല്ലിക്കാൽ ജെ എൽ ജി യുടെ പൂക്കൾ വിളവെടുത്ത ശേഷം ഒരു വിഹിതം പുത്തരി അടിയന്തിരം നടക്കുകയായിരുന്ന തറവാട്ടിലേക്കും തൊട്ടടുത്തുള്ള പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിലേക്കും സമർപ്പിച്ച ശേഷമാണ് വില്പന ആരംഭിച്ചത്.







