പയ്യന്നൂർ: പെരുമ്പയിൽ അമിതവേഗത്തിൽ എത്തിയ കാർ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ചു തെറുപ്പിച്ചു. ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും കൊല്ലത്തെ വാദിസിയ കോളേജിലെ വിദ്യാർഥികളാണ്. ബുധനാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. നബിദിന അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് വരികയായിരുന്നു ഇവർ. പെരുമ്പ പെട്രോൾപമ്പിനു സമീപത്തെ റോഡിന് അരികിലൂടെ നടന്നു പോകുമ്പോഴാണ് സ്വിഫ്റ്റ് കാർ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. സംഭവം കണ്ട വാഹന യാത്രക്കാർ ഇരുവരെയും പയ്യന്നൂരിലെ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷാഹിദ് മരണപ്പെട്ടു. അപകടത്തിനുശേഷം നിർത്താതെ പോയ കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നിരത്തും പാലം എസ് എസ് എഫ് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ് ഷാഹിദ്. മയ്യിൽ സ്വദേശിയായ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സെക്കീനയുടെയും മകനാണ് ഷാഹിദ്. സഹോദരി: ഫാത്തിമ.







