ഇന്ന് നബിദിനം; വര്‍ണാഭമായ റാലികള്‍, ആഘോഷങ്ങളുമായി വിശ്വാസികള്‍

കാസര്‍കോട്: നബികീര്‍ത്തനങ്ങളുടെ ഈണവും ആഘോഷങ്ങളുടെ നിറപ്പകിട്ടുമായി ഇന്ന് നബിദിനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് പ്രവാചക പ്രകീര്‍ത്തനങ്ങളായ മൗലീദ് പാരായണത്തിന് തുടക്കമായി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതസന്ദേശം ഉള്‍ക്കൊണ്ടാണ് വിശ്വാസികള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. നബിദിനത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഘോഷയാത്രകളും കുട്ടികളുടെ കലാപരിപാടികളും നടന്നു.


കാസര്‍കോട് ജില്ലയില്‍ ചിലയിടങ്ങളില്‍ മഴ പെയ്തെങ്കിലും ആഘോഷത്തിന്റെ പൊലിമ കുറഞ്ഞില്ല.
മഹല്ല് ജമാഅത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന നബിദിന റാലികള്‍ നടത്തി. പ്രധാനമായും മദ്രസകള്‍ കേന്ദ്രീകരിച്ചാണ് റാലികള്‍ നടന്നത്. പൊലീസിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് റാലികള്‍ സംഘടിപ്പിച്ചത്. ബേക്കല്‍, പള്ളിക്കര, ചെങ്കള, ചെര്‍ക്കള, ബോവിക്കാനം, ബദിയടുക്ക, ചട്ടഞ്ചാല്‍, കുണിയ, ചന്തേര, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം മദ്രസ വിദ്യാര്‍ഥികളുടെ റാലികള്‍ നടന്നു. മലയോര പ്രദേശങ്ങളിലും വര്‍ണാഭമായ റാലികള്‍ സംഘടിപ്പിച്ചു. തളങ്കരയിലെ 25 ഓളം വരുന്ന മദ്രസകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തീര്‍ത്ഥാടന കേന്ദ്രമായ മാലിക് ദിനാര്‍ പള്ളി കേന്ദ്രീകരിച്ച് ഘോഷയാത്ര നടത്തി. ഘോഷയാത്രയില്‍ ദഫ് മുട്ട്, കോല്‍ക്കളി, സ്‌കൗട്ട് പ്രദര്‍ശനം എന്നിവയുമുണ്ടായി. വിവിധ കവലകള്‍ കേന്ദ്രീകരിച്ച് ദഫ് മുട്ട് മത്സരവും അരങ്ങേറി. ഘോഷയാത്രയില്‍ അണിനിരക്കുന്ന കുട്ടികളെ വഴിനീളെ വിവിധ സംഘടനകളും വ്യക്തികളും മധുരപലഹാരവും മധുര പാനീയവും നല്‍കി സ്വീകരിച്ചു. പുത്തന്‍ വസ്ത്രം ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥികള്‍ മദ്രസകളില്‍ നിന്ന് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഘോഷയാത്രയില്‍ അണിനിരന്നു.
വിവിധ മദ്രസകളില്‍ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള കലാ സാഹിത്യ മത്സരങ്ങളും നടക്കുന്നുണ്ട്.

നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി നബിദിന റാലി സംഘടിപ്പിച്ചു

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനാഘോഷ ഭാഗമായി രാവിലെ നെല്ലിക്കുന്ന് മുഹ്യുയുദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള മദ്രസ വിദ്യാര്‍ത്ഥികളുടെയും ഭാരവാഹികളുടെയും നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു. പള്ളി പരിസരത്ത് പതാക ഉയര്‍ത്തിയ ശേഷം റാലി ബീച്ച് റോഡ്, പഴയ ബസ് സ്റ്റാന്‍ഡ്, പള്ളം വഴി നെല്ലിക്കുന്നില്‍ സമാപിച്ചു. റാലിക്ക് വഴി നീളെ ശീതള പാനീയങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. റാലിക്ക് ഖത്തീബ് ജി എസ് അബ്ദുല്‍ റഹ്‌മാന്‍ മൗലവി, മുന്‍ എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, ഹനീഫ് നെല്ലിക്കുന്ന്, എന്‍ എ ഹമീദ് നെല്ലിക്കുന്ന്, കട്ടപ്പണി കുഞാമു നേതൃത്വം നല്‍കി. ബീച്ച് മുബാറക്ക് പള്ളിയില്‍ റാലിയില്‍ അണിനിരന്നവര്‍ക്ക് പ്രത്യേക കിറ്റ് നല്‍കി. ബങ്കര ക്കുന്ന് നുബ്ദ ത്തുല്‍ ഉലും മദ്രസയില്‍ കമ്മിറ്റി പ്രസിഡന്റ് ടി എ മഹമൂദ് ഹാജി കല്‍ക്കണ്ടി പതാക ഉയര്‍ത്തി. കടപ്പുറം, പള്ളം, കണ്ടത്തില്‍, നെല്ലിക്കുന്ന് ജംഗ്ഷന്‍ മദ്രസകളിലും നബിദിനാഘോഷം നടത്തി.

കുമ്പളയില്‍ നബിദിന റാലി നടന്നു

നബിദിനത്തോടനുബന്ധിച്ച് വിവിധ മഹല്ലുകളില്‍ നിന്ന് കുട്ടികളുടെ ഘോഷയാത്ര കുമ്പള ടൗണില്‍ നടന്നു.
കുണ്ടങ്ങേരടുക്ക ത്വാഹ മസ്ജിദ്, മുഹിമാത്ത് തഖ് വ മസ്ജിദ് ശാന്തിപ്പള്ളം, കോയിപ്പാടി കടപ്പുറം ജുമാമസ്ജിദ്, പെര്‍വാഡ് കടപ്പുറം ജുമാമസ്ജിദ്, ആരിക്കാടി കടവത്ത് ജുമാമസ്ജിദ്, മാവിനക്കട്ട ജുമാമസ്ജിദ്, ടൗണ്‍ ബദര്‍ ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ നിന്ന് ഘോഷയാത്ര പുറപ്പെട്ടു. വിവിധയിടങ്ങളില്‍ സംഘടനകളും ക്ലബുകളും വ്യക്തികളും ഘോഷയാത്രയെ സ്വീകരിച്ച് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. ഘോഷയാത്രകള്‍ ബദര്‍ ജുമാമസ്ജിദ് കേന്ദ്രീകരിച്ച് സംഗമിച്ചു. തുടര്‍ന്ന് പ്രാര്‍ഥന നടത്തി മടങ്ങി. ഉച്ചയ്ക്ക് മൗലീദ് പാരായണവും ചീരണി വിതരണവും നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page