കാസര്‍കോട്: കുമ്പള, ബംബ്രാണ സ്വദേശികളെ കാറില്‍ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണം കൊള്ളയടിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത കാസര്‍കോട് പൊലീസ് അക്രമികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുന്നു. ഇന്നലെ (ഞായര്‍) വൈകുന്നേരം അഞ്ചു മണിക്ക് മൊഗ്രാല്‍ വില്ലേജിലെ ഉജിര്‍ക്കരയിലാണ് കേസിനാസ്പദമായ സംഭവം. കുമ്പള, ബംബ്രാണ, നമ്പിടി ഹൗസിലെ ഹസൈനാര്‍ (22), സുഹൃത്ത് അഹമ്മദ് അജിലാല്‍ (20) എന്നിവരാണ് അക്രമത്തിന് ഇരയായത്. തട്ടിക്കൊണ്ടു പോകല്‍ സംബന്ധിച്ച് ഇവർ നൽകിയ പരാതിയിൽ കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെ: “വൈകുന്നേരം സ്‌കൂട്ടറിലാണ് രണ്ടംഗ അക്രമി സംഘം എത്തിയത്. ഈ സമയത്ത് പരാതിക്കാരനും സുഹൃത്തും ഉജീർക്ക ര എന്ന സ്ഥലത്ത് അവരുടെ ഹോണ്ടാസിറ്റി കാറിനകത്ത് ഇരിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ എത്തിയ സംഘത്തിലെ ഒരാള്‍ പരാതിക്കാരന്റെ മുഖത്ത് കൈ കൊണ്ട് അടിക്കുകയും രണ്ടാമന്‍ പണം ആവശ്യപ്പെട്ട് കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും കാറില്‍ കയറ്റികൊണ്ടുപോയി ചൗക്കി എന്ന സ്ഥലത്തെത്തിച്ചു. അവിടെ വച്ച് അക്രമികളിലൊരാള്‍ കൈയില്‍ ധരിച്ചിരുന്ന വള ഊരി പരാതിക്കാരന്റെ നെറ്റിയിലിടിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ് എന്നിവ കൈക്കലാക്കിയ ശേഷം ഗൂഗിള്‍ പേയുടെ പിന്‍നമ്പര്‍ കൈക്കലാക്കി. പഴ്‌സിലുണ്ടായിരുന്ന 6000 രൂപയും 7400 രൂപ ജിപേ വഴിയും കൈക്കലാക്കിയ ശേഷം അക്രമികൾ കടന്നു കളയുകയായിരുന്നു “.തട്ടിക്കൊണ്ട് പോയത് സംബന്ധിച്ച പരാതിയുമായി യുവാക്കള്‍ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അക്രമി സംഘത്തെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.







