അത്തം പത്തോണം- പത്ത് ഓണാഘോഷങ്ങള്‍ ഉണ്ട് എന്നല്ല മനസ്സിലാക്കേണ്ടത്, അത്തം നാള്‍ കഴിഞ്ഞ് പത്താം നാള്‍ ആണ് തിരുവോണം എന്നാണ്. (പത്ത് ഇല്ലെങ്കിലും ഒന്നിലധികം ഓണാഘാഷങ്ങളുണ്ട് നമ്മുടെ രാജ്യത്ത്, വിവിധ ഭാഗങ്ങളില്‍).
ഓണം വരാനൊരു മൂലം വേണം എന്നൊരു പ്രയോഗമുണ്ട്. തിരുവോണത്തിന് മുമ്പുള്ള ഒരു നക്ഷത്രമാണല്ലോ മൂലം-മൂലം, പൂരാടം, ഉത്രാടം, തിരുവോണം- എന്നിങ്ങനെ.
അത്തം നാള്‍ തുടങ്ങി തിരുവോണം നാള്‍ വരെ പത്തു ദിവസം വീട്ടുമുറ്റത്ത് ചാണകവെള്ളം തെളിച്ച് ശുദ്ധീകരിച്ച ശേഷം പൂക്കളമൊരുക്കേണ്ടതാണ് എന്നാണ് അത്തം പത്തോണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചിങ്ങമാസം ഒന്നാം തീയ്യതി മുതല്‍ മുപ്പതാം തീയ്യതിവരെ മുറ്റത്ത് പൂ ഇടുന്ന ആചാരമുണ്ട് ചിലേടങ്ങളില്‍. മുത്തത്ത് മാത്രമല്ല, വീട്ടിലെ സാക്ഷാല്‍ അകം എന്ന നടുമുറിയിലും വാതില്‍പ്പടികളിലും പൂക്കള്‍ വെയ്ക്കുന്നതും ആചാരം. ഈ പൂക്കളെല്ലാം സൂര്യാസ്തമന വേളയില്‍ വാരിയെടുത്ത് പുരപ്പുറത്തേയ്ക്ക് നീട്ടി എറിയുന്നു. ചിങ്ങം മുപ്പതാം ദിവസം വൈകുന്നേരവും പൂവിടും. രാവിലെ ഇട്ട പൂക്കള്‍ വാരിക്കളഞ്ഞശേഷം വീണ്ടും പൂ ഇടുന്നു. കുറേ കഴിഞ്ഞ് അതും വാരിക്കളയും.
അത്തച്ചമയം- ഒരു ചടങ്ങാണ്. വടക്കന്‍ കേരളത്തിലല്ല, മധ്യ കേരളത്തില്‍. വായിച്ചറിവ് മാത്രമേയുള്ളൂ അത്തച്ചമയത്തെക്കുറിച്ച്. കളിമണ്ണ് കൊണ്ട് തൃക്കാക്കര അപ്പനെ ഉണ്ടാക്കി മൂന്ന് ദിവസം ആരാധന നടത്തുന്ന ചടങ്ങുണ്ട് ചിലേടങ്ങളില്‍, വടക്കന്‍ കേരളത്തിലല്ല.
ഓണച്ചടങ്ങു സംബന്ധിച്ച് വ്യത്യസ്ത രീതികള്‍ ഉള്ളതുപോലെ ഓണം എന്ന ആഘോഷത്തിന്റെ ആഗമം മുന്‍ നിര്‍ത്തിയും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അന്നേദിവസം ആദരവോടെ വരവേല്‍ക്കുന്നത് മഹാബലിയെയോ, വാമനനെയോ? വാമനന്‍ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. മത്സ്യക്കൂര്‍മോ വരാഹശ്ചനരസിംഗം ച വാമന: മത്സ്യം, കൂര്‍മ്മം(ആമ), വരാഹം(പന്നി), നരസിംഹം (പാതിനരന്‍= മനുഷ്യന്‍-പാതി സിംഹം) വാമനന്‍.
മഹാബലി അസുരരാജാവ് പാതാളം എന്ന അധോലോകം അസുരലോകം. മഹാബലി ഭൂമിയും സ്വര്‍ഗ്ഗവും ആക്രമിച്ച് കീഴടക്കി. മൂന്ന് ലോകവും മഹാബലിയുടെ ആധിപത്യത്തിന്‍ കീഴിലായി. സ്വര്‍ഗ്ഗലോകം വാണിരുന്ന ഇന്ദ്രാദികള്‍ പലായനം ചെയ്തു. ഇന്ദ്രനെ സഹായിക്കാനായി മഹാവിഷ്ണു ഹ്രസ്വകായനായി കുറിയ ശരീരത്തോടെ മഹാബലിയെ സമീപിച്ചു. തപസ്സ് ചെയ്യാനായി മൂന്നടി ഭൂമി ആവശ്യപ്പെട്ടു. മഹാബലി സമ്മതിച്ചു. എവിടെ വേണമെങ്കിലും ഭൂമി അളവെടുക്കാം. ദാനനീര് വീഴ്ത്തി സത്യം ചെയ്തു. പിന്നെ സംഭവിച്ചത് ചതിയുടെ മറിമായം. ഹ്രസ്വകായന്‍ ബൃഹത്കായനായി രണ്ടടി കൊണ്ട് മൂന്നു ലോകവും അളന്നെടുത്തു. മൂന്നാമത്തെ അടി വെയ്ക്കാന്‍ ഇടമില്ല. വാഗ്ദാനലംഘനമാകുമോ? ഇല്ല; മൂന്നാമത്തെ അടി തന്റെ മൂര്‍ദ്ധാവില്‍ വെച്ചുകൊള്ളൂ എന്ന മഹാബലി തല കുനിച്ചു. വാമന്‍ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിഴ്ത്തി താഴ്ത്തി. പോകാന്‍ നേരത്ത് മഹാബലി അപേക്ഷിച്ചു. ആണ്ടിലൊരു ദിവസം തന്റെ പ്രജകളെ കാണാന്‍ അനുമതി. വാമനന്‍ സമ്മതിച്ചു. ആ കരാറനുസരിച്ച് മഹാബലി നാട് കാണാന്‍ വരുന്ന ദിവസമാണത്രേ തിരുവോണം -ചിങ്ങമാസത്തിലെ ഒണം നാള്‍.
പക്ഷേ, അവ്യക്തതകള്‍ നിരവധി. മൂന്നു ലോകവും സ്വാധീനത്തിലാക്കിയിരുന്ന മഹാബലിക്ക് കേരളീയരോട് മാത്രം പ്രത്യേക സ്‌നേഹമോ? സമസ്ത ലോക വാസികളും പരവേല്‍ക്കേണ്ടതല്ലേ?
മഹാബലിയുടെ പുനരാഗമനോത്സവം അല്ല, ഓണാഘോഷം. പരശുരാമനെ വരവേല്‍ക്കുന്നതാണ് എന്നൊരു ഐതിഹ്യമുണ്ട്. മഴുവെറിഞ്ഞ് കടലില്‍ നിന്നും ഉയര്‍ത്തിയെടുത്ത നാട് കേരളം. ആദ്രഭാവം ബ്രാഹ്‌മണര്‍ക്ക് നല്‍കി. അവര്‍ പരശുരാമനെ ധിക്കരിച്ചു. പരശുരാമന്‍ എന്നെന്നേയ്ക്കുമായി വിട്ടുപോയി. അതോടെ അനിഷ്ടങ്ങള്‍ പലതും സംഭവിച്ചു. ബ്രഹ്‌മണര്‍ പശ്ചാത്തപിച്ചു. ആണ്ടില്‍ ഒരിക്കല്‍ വരാം എന്ന് പറഞ്ഞ് മറഞ്ഞു എന്നും കഥ.
ആര് വന്നാലും പോയാലും നമുക്ക് ആഘോഷിക്കാം. ഏത് വിശിഷ്ടാതിഥി മഹാബലിയോ, പരശുരാമനോ? ആരായാലും വരവേല്‍ക്കാം. ആടാം, പാടാം. മാവേലി നാടുവാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ; കള്ളവുമില്ല, ചതിയുമില്ല- വീണ്ടും വരട്ടെ കള്ളവും ചതിയുമില്ലാത്ത ലോകം.
ആ ശുഭ പ്രതീക്ഷയോടെ ഓണം ആഘോഷിക്കാം.








