കുമ്പള: കുമ്പള പഞ്ചായത്ത് ഞായറാഴ്ച നടത്തിയ ഓണപ്പൂമഴ ഓണാഘോഷം , പഞ്ചായത്തിൽ വിവാദത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. ഇത്തരമൊരു പരിപാടി എവിടെയാണ് നടത്തുന്നതെന്നു അവസാന നിമിഷം വരെ മറച്ചുവെച്ച പഞ്ചായത്ത് അധികൃതർ ഒടുവിൽ പഞ്ചായത്ത് മെമ്പർ പോലുമില്ലാത്ത ഒരു ലീഗ് പ്രവർത്തകന്റെ വീട്ടിലാണ് ആഘോഷം നടത്തിയത് എന്ന് ലീഗ് പ്രവർത്തകർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ വിശാലമായ ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ളപ്പോൾ പഞ്ചായത്തുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളിൽ കുടുങ്ങിയിട്ടുള്ള മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയുടെ വീട്ടിൽ പഞ്ചായത്തിന്റെ ഓണാഘോഷം സംഘടിപ്പിച്ചതിലെ അനൗചിത്യം ലീഗ് പ്രവർത്തകർ എടുത്തു കാട്ടുന്നു. ഓണത്തിന് പഞ്ചായത്ത് പൂമഴ പെയ്യിക്കുമെന്ന് വാട്സ്ആപ്പ് പ്രചരണം നടത്തിയ സംഘാടകർ പരിപാടി എവിടെയാണെന്ന് അവസാന നിമിഷം വരെ വെളിപ്പെടുത്തിയിരുന്നില്ലെ ന്ന് പഞ്ചായത്ത് മെമ്പർമാർ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണങ്ങൾക്ക് റിസോർട്ടിലാണെന്നും ഗസ്റ്റ് ഹൗസിൽ ആണെന്നുമായിരുന്നു വിശദീകരണം എന്നും അവർ ആരോപിച്ചു. എന്നാൽ ഇന്നലെ രാവിലെയാണ് സത്താറിന്‍റെ വീട്ടിലാണെന്ന് അറിയിച്ചതത്രെ. പഞ്ചായത്ത് ഓഫീസിൽ നടത്തേണ്ട പരിപാടി പഞ്ചായത്തുമായി ബന്ധമില്ലാത്ത ആളുടെ വീട്ടിൽ വച്ച് നടത്തുന്നതിന്റെ അനൗചിത്യവും അധാർമ്മികതയും വെളിപ്പെടുത്തിയ ശേഷം സ്ഥലത്തെത്തിയ ബിജെപി നേതാക്കളും പഞ്ചായത്ത് മെമ്പർമാരുമായ കാഞ്ചാർ,അജിത് കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കാതെ തിരിച്ചു നടന്നു. അതേസമയം ബിജെപിയുടെ തന്നെ മറ്റു മൂന്നു പഞ്ചായത്ത് മെമ്പർമാരായ രമേശ് ഭട്ട്, അമിത, ശാരദ എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും ജീവനക്കാരുടെയും മറ്റും ഒപ്പനയും മറ്റു കലാപരിപാടികളും പൂക്കളവും ആസ്വദിക്കുകയും മൃഷ്ടാന്നം ഭക്ഷിച്ചു ഏമ്പക്കം വിട്ടശേഷം എല്ലാവരെയും സലാമാക്കി മടങ്ങുകയും ആയിരുന്നെന്ന് പറയുന്നു. സംഭവം ബിജെപി അണികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്.

പഞ്ചായത്ത് ഓഫീസിൽ നടത്തേണ്ട പരിപാടി മർച്ചന്റ് സൊസൈറ്റിയും അനധികൃത ഷോപ്പിംഗ് കോംപ്ലക്സുമായി ബന്ധപ്പെട്ട ആരോപണ വിധേയനായ വ്യക്തിയുടെ വീട്ടിൽ നടത്തിയതിന്റെ അനൗചിത്യവും താല്പര്യങ്ങളും അവഗണിച്ചു തിന്നാൻ കൂടിയ മെമ്പർമാരെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം ഉയർന്നിട്ടുണ്ട്. തിന്നാൻ കിട്ടുന്നിടത്തൊക്കെ പാഞ്ഞെത്തുന്ന മെമ്പർമാരുടെ സമീപനമാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ 9 അംഗങ്ങൾ ഉണ്ടായിരുന്ന ബിജെപിക്കു നിലവിലെ പഞ്ചായത്ത് ഭരണസമിതിയിൽ അംഗസംഖ്യ 5 ആക്കിയതെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഉണ്ടാക്കിയ പുതിയ ബസ്റ്റാൻഡും അതിനെതിരെ ഉയർന്ന വിവാദങ്ങളും നിലനിൽക്കെ അന്നത്തെ ഭരണസമിതിയുടെ അവസാന യോഗം കഴിഞ്ഞ് ഏർപ്പെടുത്തിയ ഹോട്ടൽ സദ്യയിലും ചില ബിജെപി അംഗങ്ങൾ ഓടിയെത്തി അടിച്ചുമാറിയത് വലിയ വിവാദമായിരുന്നു.

അതേസമയം ഇന്നലെ നടന്ന ഓണസദ്യയിൽ ഭരണകക്ഷി മെമ്പർമാരിൽ പലരും മാറി നിന്നതായും സംസാരമുണ്ട്. പഞ്ചായത്തുമായി ബന്ധപ്പെട്ട പരിപാടി പഞ്ചായത്ത് ഓഫീസിൽ നടത്താൻ താല്പര്യം ഇല്ലാത്തവരുടെ പഞ്ചായത്തിനോടും ജനങ്ങളോടും ഉണ്ടായിരിക്കേണ്ട വിധേയത്വം വിലയിരുത്തണമെന്നും ഭരണ കക്ഷിയിൽ ആവശ്യമുയർന്നിട്ടുണ്ടെന്നു പറയുന്നു. കുമ്പള ടൗണിൽ സ്ഥാപിച്ച വിവാദ ഷോപ്പിംഗ് കോംപ്ലക്സിനെക്കുറിച്ചു അന്വേഷണം തുടർന്നുകൊണ്ടിരിക്കെ ജീവനക്കാരെ ഒപ്പം നിറുത്താനാണ് പഞ്ചായത്തിലെ ഓണാഘോഷം സ്വകാ ര്യ വ്യക്തിയുടെ വീട്ടിലാക്കി യതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.








