കാസര്‍കോട്: യുക്രെയ്നില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ ജോയന്റെ (26) മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വെള്ളരിക്കുണ്ടിലെ വീട്ടില്‍ എത്തിച്ചത്. ഒരു മാസത്തില്‍ അധികം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, മുന്‍ എംഎല്‍എ എം രാജഗോപാലന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ശുശ്രൂഷ നടന്നു. ജൂലൈ 19 നാണ് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശിയായ അഖില്‍ കൊല്ലപ്പെടുന്നത്. യുക്രെയ്നില്‍ ഒഡേസ തീരത്ത് ഗോള്‍ഡന്‍ ലിയോ എന്ന ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തിലാണ് കപ്പലിലുണ്ടായിരുന്ന നാലു ഇന്ത്യക്കാര്‍ ഉള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടത്. അഖിലടക്കം ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. യുക്രെയ്ന്‍ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു. വെള്ളരിക്കുണ്ടിലെ ജോയന്‍ – സാലി ദമ്പതികളുടെ ഏകമകനാണ് അഖില്‍. വിവാഹം നിശ്ചയിച്ചിരിക്കെയാണ് അഖിലിന്റെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. അവധിക്ക് നാട്ടിലെത്തിയ ശേഷം ഒരു മാസം മുമ്പായിരുന്നു അഖില്‍ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ നാലു വര്‍ഷമായി മര്‍ച്ചന്റ് നേവിയിലാണ് അഖില്‍ ജോലി ചെയ്ത് വന്നത്.
പ്ലസ്ടു പഠനത്തിനിടെ വടംവലി ദേശീയ ചാംപ്യന്‍ഷിപ്പില്‍ വിജയികളായ കേരള ടീമിലെ അംഗമായിരുന്നു അഖില്‍. ഒരുതവണ സംസ്ഥാന ചാംപ്യന്‍ഷിപ്പും നേടി. ഇതിനു പുറമേ റോപ് പുള്‍ അപ്പില്‍ 30 സെക്കന്‍ഡില്‍ 25 തവണ ചെയ്ത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ചിരുന്നു.







