കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡിഎഫ്ഒ കണ്ണൂർ ജോസ് ഗിരി സ്വദേശി ജോസ് മാത്യുവിനെ (53)തിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം പുലർച്ചെ ഓഖാ എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്ന പരാതിയിലാണ് റെയിൽവേ പൊലിസ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഡിഎഫ്ഒ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി. അതിക്രമം നേരിട്ട ഉടൻ തന്നെ സ്ത്രീകൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട് റെയിൽവേ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള ശക്തമായ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. സ്ത്രീകളോട് അശ്ലീല ചേഷ്ടകൾ കാണിച്ചതിനും അപമര്യാദയായി പെരുമാറിയതിനും കേരള പൊലീസ് ആക്ടിന്റെ 119 എ പ്രകാരം ഡി.എഫ്.ഒ ജോസ് മാത്യുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തിട്ടുണ്ട്.







