കാസര്‍കോട്: വൈദ്യുതി ബില്ല് അടക്കുന്നതിനായി കടം വാങ്ങിയ 5000 രൂപ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. മുട്ടം, ബങ്കര സ്വദേശിയും വ്യാപാരിയുമായ 64 കാരന്‍ നല്‍കിയ പരാതിയില്‍ കുബണൂരിലെ റിസ്‌വാന (28), ഭര്‍ത്താവ് ഹസ്സന്‍ ആസിഫ് (33), ബന്ധു മൊഗ്രാലിലെ മുഹമ്മദ് സിറാജ് (32) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ ആസിഫ് ഹസ്സന്‍, മുഹമ്മദ് സിറാജ് എന്നിവരെ കുമ്പള എസ് ഐ എസ്.അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.
സംഭവം സംബന്ധിച്ച് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങിനെ- “കേസിലെ ഒന്നാം പ്രതിയായ റിസ്‌വാന പരാതിക്കാരനില്‍ നിന്നു നേരത്തെ 5000 രൂപ കടം വാങ്ങിയിരുന്നു. വൈദ്യുതി ബില്ല് അടക്കാനാണെന്നു പറഞ്ഞാണ് കടം വാങ്ങിയത്. പ്രസ്തുത തുക തിരികെ നല്‍കാമെന്ന് പറഞ്ഞ് ആഗസ്റ്റ് 16ന് രാത്രി ഏഴരമണിയോടെ യുവതി ,വ്യാപാരിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. കാറിലാണ് വ്യാപാരിയെത്തിയത്. വീടിന്റെ സിറ്റൗട്ടില്‍ കയറിയ സമയത്ത് യുവതിയും ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് വ്യാപാരിയെ ബലമായി പിടികൂടി കിടപ്പു മുറിയിലേയ്ക്ക് കൊണ്ടുപോയി. ശേഷം പരാതിക്കാരന്റെ വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് പരാതിക്കാരന്റെ കൈവശം ഉണ്ടായിരുന്ന ചെറിയ മൊബൈല്‍ ഫോണും 1500 രൂപയും കൈക്കലാക്കി. ചാവിയെടുത്ത് കാര്‍ തുറന്ന് അതിനകത്തുണ്ടായിരുന്ന കേരള ബാങ്കിന്റെയും കേരള ഗ്രാമീണ്‍ ബാങ്കിന്റെയും എ ടി എം കാര്‍ഡുകളും 25,000 രൂപ വിലവരുന്ന സാംസംഗ് മൊബൈല്‍ ഫോണും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പിന്‍ നമ്പറും കൈവശപ്പെടുത്തി. ഇത് ഉപയോഗിച്ച് എ ടി എമ്മില്‍ നിന്നു 7,200 രൂപ പിന്‍ വലിച്ച ശേഷം പറഞ്ഞു വിടുകയായിരുന്നു. ആഗസ്റ്റ് 17ന് പരാതിക്കാരന്റെ കടയില്‍ എത്തിയ ഹസ്സന്‍ ആസിഫ് ഭീഷണിപ്പെടുത്തി 5000 രൂപ പിടിച്ചു പറിക്കുകയും രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഫോട്ടോകളും വീഡിയോകളും പ്രതരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു”.
ഇതോടെയാണ് വ്യാപാരി പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. പ്രതികളെ അറസ്റ്റു ചെയ്ത സംഘത്തില്‍ എ എസ് ഐ മാരായ അജയ്, അതുല്‍ റാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കൃഷോഭ്, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് എന്നിവരും ഉണ്ടായിരുന്നു.







