പട്ന: റോഡരികിൽ നടന്ന നൃത്ത പരിപാടിക്കിടെ അമിതവേഗതയിലെത്തിയ ബസ് പാഞ്ഞുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ബിഹാറിലെ ബെറ്റിയ നഗരത്തിനു സമീപമുള്ള പരൗ തോല ബങ്കത്വയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറിയത്. ഒരു കുട്ടി ജനിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനായി കുടുംബം റോഡ് അരികിൽ ഗാനമേളയും നൃത്തവും സംഘടിപ്പിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 200 അധികം പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നും ബെറ്റിയയിലേക്ക് വരികയായിരുന്നു ബസ്സ്. പാചകവാതക സിലിണ്ടർ കയറ്റി പോവുകയായിരുന്ന ലോറി മുന്നിൽ കയറിയപ്പോൾ ബസ് നിയന്ത്രണം വിട്ട് ആൾക്കാർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. നാട്ടുകാരും പൊലീസും പരിക്കേറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ സംഭവ സ്ഥലത്ത് വച്ചും മൂന്നുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അപകടത്തിൽ നവജാത ശിശുവിന്റെ പിതാവും അപകടത്തിൽ കൊല്ലപ്പെട്ടു. ബഹാദൂർ മഹാതോ, സഞ്ജയ് കുമാർ, ഭോല ദുബെ, ചങ്കുർ റാം, കുട്ടിയുടെ പിതാവായ ദേവേന്ദ്ര ദുബെ എന്നിവരാണ് അപകടത്തിൽ മരിച്ചവർ.
പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








