അതിജീവിതയുടെ മൊഴിയില്‍ ഒട്ടേറെ വൈരുധ്യങ്ങള്‍’; പാലത്തായി പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പാലത്തായി പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. തലശേരി പോക്സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് മരവിപ്പിച്ചത്. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പത്മരാജന് ഹൈക്കോടതി ജാമ്യം നല്‍കി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാള്‍ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി ശരിയാണെന്നു കോടതി നിരീക്ഷിച്ചു.
600ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു. കേസില്‍ കഴിഞ്ഞ വര്‍ഷമാണ് വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന്‌ തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു.
ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പെൺകുട്ടി താമസിക്കുന്ന ജില്ലയിൽ പ്രവേശിക്കരുത്, സാമൂഹികമാധ്യമങ്ങളിലടക്കം കേസിനെക്കുറിച്ച് പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും ഉണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page