ന്യൂഡൽഹി: 32 വർഷങ്ങൾക്കുശേഷം 105 വയസിൽ ജയിൽ മോചിതനായി കൊലപാതക കേസിലെ പ്രതി. 1920-ൽ പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ജനിച്ച മൊണ്ടൽ, 1994-ൽ 68-ാം വയസിലാണ് കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ നവംബറിൽ ജാമ്യത്തിലിറങ്ങി നൽകിയ ഹർജി പരിഗണിച്ച കോടതി ജീവപര്യന്തം ശിക്ഷ കഴിഞ്ഞില്ലെങ്കിലും ഇനി ജയിലിലേക്കു തിരിച്ചു അയക്കേണ്ടെന്നു വിധിക്കുകയായിരുന്നു. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ കേസ് പരിഗണിച്ചത്. ഹർജിക്കാരൻ്റെ പ്രായം കണക്കിലെടുത്ത്, കേസ് അവസാനിപ്പിക്കുകയാണെന്നും കേസിൽ ശേഷിക്കുന്ന ശിക്ഷ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഒഴിവാക്കുകയാണെന്നും ബെഞ്ച് നിർദ്ദേശിച്ചു. ജീവപര്യന്തം തടവ് കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലും, അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിൽ എടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 2024 ലെ ഇടക്കാല ജാമ്യ ഉത്തരവ് കേവലവും അന്തിമവുമാക്കി.
പശ്ചിമ ബംഗാൾ സ്വദേശിയായ രസിക് ചന്ദ്ര മണ്ഡൽ 1988ൽ നടന്ന കൊലപാതകക്കേസിൽ 1994ൽ ശിക്ഷിക്കപ്പെട്ടു. അന്ന് വയസ്സ് 68 ആയിരുന്നു. തുടർന്ന് വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ അദ്ദേഹം 2024 നവംബർ 29 ന് സുപ്രീം കോടതി ജാമ്യം അനുവദിക്കുന്നതുവരെ ജയിലിൽ കിടന്നു. 2018ൽ കൊലപാതകക്കേസിൽ തന്റെ ശിക്ഷ ചോദ്യം ചെയ്ത് മണ്ഡൽ സമർപ്പിച്ച അപ്പീൽ കൊൽക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹരജി തള്ളപ്പെട്ടു. 2020ൽ 99 വയസ്സുള്ളപ്പോൾ, പ്രായാധിക്യവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ശിക്ഷാകാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡൽ സുപ്രീം കോടതിയിൽ വീണ്ടും ഹരജി നൽകി. തുടർന്ന് സുപ്രീം കോടതി വിഷയത്തിൽ പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.








