പയ്യന്നൂര്‍: മാതമംഗലത്ത് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റമുട്ടിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ വീടുകളില്‍ കയറി അക്രമം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. വട്ടിയേക്കര സ്വദേശി മുഹമ്മദ് റസീല്‍, മണിയറ സ്വദേശി സി മുഹമ്മദ്, തിരുവനന്തപുരം സ്വദേശി സുഹൈല്‍ എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റുചെയ്തത്. കണ്ടോന്താറില്‍ ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുകാരെ അക്രമിച്ചതിനാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിഐ കെപി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അക്രമികളെ പിടികൂടിയത്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിവരുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികളുടെ അക്രമം സംബന്ധിച്ച് പരിയാരം, പയ്യന്നൂര്‍, പെരിങ്ങോം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാനായി മണിയറയില്‍ അക്രമുണ്ടാക്കിയ 10 പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം മാതമംഗലം സി.പി.എന്‍.എസ്.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് നഗരത്തിലെ വിവിധ ഇടങ്ങളിലും ബസ് സ്റ്റാന്‍ഡിലുമായി ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തല്ലു നടന്നത്. ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടന്ന കൂട്ടത്തല്ലില്‍ നിലത്തുവീണ ചില വിദ്യാര്‍ഥികള്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും പലരുടെയും ഓണവസ്ത്രങ്ങള്‍ കീറുകയും ചെയ്തു. സംഘര്‍ഷം കനത്തതോടെ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് ഇടപെട്ടാണ് വിദ്യാര്‍ഥികളെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്.








